കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ള ഹോംസ്റ്റേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക ടൂറിസം പ്രവർത്തനങ്ങൾ, ട്രക്കിങ് എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടു.
ഇതോടൊപ്പം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങളും മണ്ണ് നീക്കം ചെയ്യുന്ന ജോലികളും തടഞ്ഞിട്ടുണ്ട്. അപകട
സാധ്യതയുള്ള ദുർബല പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എൻ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കില്ല.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 17/10/2026 തീയതിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർന്ന് 18/10/2026 മുതൽ 21/10/2026 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ
ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്:
* കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറിനിൽക്കുക.
തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
* ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടങ്ങളിൽ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക.
പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം പൂർണ്ണമായും ഒഴിവാക്കണം.
* ഇടിമിന്നലുള്ള സമയത്ത് ലാൻഡ്ലൈൻ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
(മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് തടസ്സമില്ല).
* അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് ഒരിക്കലും വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങളും മരച്ചുവട്ടിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

