രാജതലസ്ഥാനത്ത് രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ ശക്തമായ നിരീക്ഷണമുണ്ടെന്നും ഡൽഹി പോലീസ് തന്നെ ഏതുനിമിഷവും കസ്റ്റഡിയിലെടുത്തേക്കാമെന്നും അദ്ദേഹം ആരോപിച്ചു.
സിജെപിയുടെ ആഭിമുഖ്യത്തിൽ നിശ്ചയിച്ചിട്ടുള്ള ‘തിരംഗ മാർച്ച്’ നടക്കാനിരിക്കെയാണ് ഈ നിർണായക സംഭവവികാസം. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി തുടർച്ചയായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ്ണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോ എന്ന് ചോദ്യമുന്നയിച്ച അഭിജീത് ദീപ്കെ, ദേശീയ പതാക വീശുന്നത് തടയാൻ ശ്രമിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും ഒപ്പം വഹിക്കുന്നവരെയും അറസ്റ്റ് ചെയ്തു നീക്കുന്ന ഭരണകൂട
നടപടി അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്ത് ദേശീയ പതാക കൈയിലേന്തുന്നവരെയാണ് ഭരണാധികാരികൾ തടവിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ ഉന്നയിക്കുന്നത് കേവലം ഇലക്ഷൻ കമ്മീഷണറെ മാറ്റണമെന്ന ആവശ്യം മാത്രമാണെന്നും, മറിച്ച് സർക്കാരിനെ താഴെയിടുക എന്ന ലക്ഷ്യമല്ല ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെയും ആവശ്യങ്ങളെയും മുഖവിലയ്ക്കെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ല. രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

