കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.
കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് ദാരുണമായി മരണമടഞ്ഞത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് വ്യക്തമാക്കി.
ഈ സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടുത്ത വേദനയുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചിട്ടും ഡോക്ടറെ വിളിച്ചറിയിക്കാൻ തയ്യാറായില്ലെന്നാണ് ശ്രീകലയുടേയും ഭർത്താവിന്റേയും പ്രധാന ആരോപണം.
13-ാം തിയതി രാത്രിയാണ് പ്രസവവേദന കടുത്തത്. അന്ന് തന്നെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും 14-ാം തീയതി വൈകുന്നേരമാണ് ഓപ്പറേഷൻ നടത്തിയതെന്നും, സർജറിക്ക് ശേഷമാണ് കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
തുടർനടപടികളുടെ ഭാഗമായി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തിൽ നിയമപരമായ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം, നവജാതശിശുവിന്റെ മരണം ചികിത്സാപ്പിഴവ് മൂലം സംഭവിച്ചതല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

