തനത് നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ കാർഷിക ലോകത്തിന് മാതൃകയായ ‘വയനാടിന്റെ നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി. മണ്ണിനെ പ്രണയിച്ച്, പാരമ്പര്യ ജൈവകൃഷി രീതികൾ ജീവിതവ്രതമാക്കിയ ഈ പ്രകൃതിസ്നേഹിയുടെ മൃതദേഹം കമ്മന നവോദയം എൽപി സ്കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 45 ഇനം പരമ്പരാഗത നെൽവിത്തുകളാണ് അദ്ദേഹം തന്റെ കൃഷിയിടത്തിൽ സംരക്ഷിച്ചുപോന്നത്.
ചെന്നെല്ല്, ഗന്ധകശാല, മുല്ലൻപുഞ്ച തുടങ്ങി തലമുറകളായി കൈമാറിവന്ന അപൂർവ നാടൻ വിത്തിനങ്ങളെ പുതുതലമുറയ്ക്കായി കാത്തുസൂക്ഷിച്ച അദ്ദേഹം കാർഷിക പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു. കമ്മനയിലെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള കൊടുമയിൽ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
രാവിലെ 8.30 മുതൽ കമ്മന നവോദയം എൽ.പി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു. ഗവർണർക്കും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കലക്ടർ വി.ചെൽസാസിനിയും കൃഷി മന്ത്രി ടി.സിദ്ദീഖും ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.
റവന്യൂ മന്ത്രിക്കുവേണ്ടി സബ് കലക്ടർ അതുൽ സാഗർ ആദരാഞ്ജലികൾ അർപ്പിച്ചു. പരമ്പരാഗത കൃഷിരീതികൾ പിന്തുടർന്ന ഒരു കർഷകൻ എന്നതിലുപരി, വരുംതലമുറകൾക്കായി പ്രകൃതിയുടെ നിധിയാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്.
അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരള കർഷകരെ പ്രതിനിധീകരിച്ചതും അദ്ദേഹമായിരുന്നു.
ജനിതക സംരക്ഷണ പുരസ്കാരം, ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് എന്നിവയ്ക്ക് പുറമെ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉഷാ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുൻ മന്ത്രിമാരായ ഒ.ആർ കേളു, എം.വി ഗോവിന്ദൻ, എ.കെ ശശീന്ദ്രൻ, പി.കെ ജയലക്ഷ്മി, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജില്ലാ പൊലീസ് മേധാവി എസ്.ദേവമനോഹർ, ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ഇളയാവൂർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.
ഹംസ, മാനന്തവാടി, കൽപറ്റ, ബത്തേരി നഗരസഭ അധ്യക്ഷരായ ജേക്കബ് സെബാസ്റ്റ്യൻ, പി. വിശ്വനാഥൻ, റസീന അബ്ദുൾ ഖാദർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക, കോട്ടത്തറ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ സുധാകരൻ, സി.സി രജിത, എം.ജി ബിജു എന്നിവരുൾപ്പെടെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി കർഷകരും വിദ്യാർഥികളും പ്രിയപ്പെട്ട
നെല്ലച്ഛന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

