അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി മോചിതനായി. ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമായത്.
സെപ്റ്റംബർ 18 മുതൽ ജയിലിലായിരുന്ന അദ്ദേഹം, രാത്രി ഒന്പത് മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് അപ്പീൽ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്. കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവുകൾക്കെതിരെയുള്ള അപ്പീൽ തീർപ്പാകുന്നതുവരെയാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല നടപടി.
പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോട്ടയം വിജിലൻസ് കോടതിയാണ് ടോമിൻ ജെ.
തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. വാടക വരുമാനവും കുടുംബ സ്വത്തവകാശവും വിചാരണ കോടതി ഉത്തരവിൽ കണക്കിലെടുത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പീലിലെ പ്രധാന വാദം.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ ഡിജിപി റാങ്ക് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹം നിയമനടപടികൾ നേരിട്ടത്. കേസിൽ ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.8 ലക്ഷം രൂപ പിഴയുമാണ് ലഭിച്ചിരുന്നത്.
നീണ്ട 19 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറത്തുവന്നത്.
2007 ലാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്.
ഔദ്യോഗിക വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വരവിൻ്റെ സ്രോതസ്സ് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് 2013 ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി റാങ്കിലായിരുന്നു ടോമിൻ തച്ചങ്കരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

