ജപ്പാനിൽ ട്രെയിൻ ദുരന്തത്തിൽ ജീവൻ നഷ്ടമായ കണ്ണൂർ സ്വദേശിനി വി. ദേവികയുടെ (22) ചിതാഭസ്മം നാട്ടിലെത്തിച്ചു.
15-ാം തീയതി പുലർച്ചെ 2.30-ഓടെ വിമാന മാർഗ്ഗമാണ് ചിതാഭസ്മം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് നോർക്ക റൂട്ട്സ് അധികൃതർ ഇത് ഏറ്റുവാങ്ങുകയും ട്രെയിൻ മാർഗ്ഗം കണ്ണൂരിലേക്ക് കൊണ്ടുവരികയും ചെയ്യുകയായിരുന്നു.
നാളെ (ഒക്ടോബർ 16-ന്) രാവിലെ 9 മണിക്ക് ഇരിട്ടി പടിയൂരിലെ വസതിയിൽ വെച്ച് ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ചിതാഭസ്മം കുടുംബാംഗങ്ങൾക്ക് കൈമാറും. മൃതദേഹം നേരിട്ട് നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ ജപ്പാനിൽ വെച്ചുതന്നെ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ പ്രതിനിധി അനിൽ രാജ്, നിഹോൺ കൈരളി സംഘടനാ പ്രതിനിധി അജയ് പീതാംബരൻ എന്നിവരുടെ സജീവ ഇടപെടലുകളാണ് ഇതിനായി സഹായകരമായത്. ജപ്പാൻ അധികൃതരുമായും മലയാളി സമൂഹവുമായും ബന്ധപ്പെട്ട് ഔദ്യോഗിക നടപടികൾ ഏകോപിപ്പിച്ചതും ഇരുവരുമാണ്.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നോർക്ക റൂട്ട്സ് ഇതിനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാനും ചിതാഭസ്മം സുരക്ഷിതമായി നാട്ടിലെത്തിക്കാനുമുള്ള രേഖകൾ തയ്യാറാക്കുന്നതിൽ നോർക്ക അധികൃതർ മുഖ്യപങ്ക് വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

