ഭൂവിഷയങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് രാജകുമാരിയിലും പരിസര പ്രദേശങ്ങളിലും വലിയ തോതിലുള്ള ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ജില്ലയിൽ നാളെ (16) പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ദിവസത്തെ പരീക്ഷകളിൽ വിദ്യാർഥികളും അധ്യാപകരും ആശങ്കയിലാണ്.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ (16) രാവിലെ മുതൽ ഉച്ച വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതി മെച്ചപ്പെട്ട
മാർക്ക് നേടാൻ ശ്രമിക്കുന്ന കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ് എന്നീ പ്രധാന വിഷയങ്ങളിലാണ് നാളെ പരീക്ഷ നടക്കുന്നത്. പരീക്ഷാ ദിവസത്തെ ഹർത്താൽ യാത്രാ സൗകര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും ഉള്ളത്.
പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും ചുമതലയുള്ള അധ്യാപകർക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സ്കൂളുകളിൽ എത്തുവാൻ സ്വകാര്യ വാഹനങ്ങളെയും ബസുകളെയും ആശ്രയിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ആശങ്ക തുടരുന്നുണ്ട്. ജില്ലയിൽ മാത്രമായി പ്രഖ്യാപിച്ച ഹർത്താലായതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
അതേസമയം, നാളെ (16) നടക്കുന്ന ഹർത്താലിൽ നിന്ന് ചില സുപ്രധാന മേഖലകളെ ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അറിയിച്ചു. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്തെ കായികമേള, അടിമ വ്യാപാര നിരോധന വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് പോകുന്ന പിആർഡിഎസിന്റെ വാഹനങ്ങൾ, ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്ന ടൂറിസം വാഹനങ്ങൾ എന്നിവയെയാണ് ഒഴിവാക്കിയിട്ടുള്ളത്.
എന്നിരുന്നാലും, നെടുങ്കണ്ടത്ത് റവന്യുജില്ലാ സ്കൂൾ കായിക മേള നടക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. മറുവശത്ത്, ഹർത്താലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും എത്തിയിട്ടുണ്ട്.
യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് അധിക സർചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഇന്ന് രാവിലെ 10.30-ന് കട്ടപ്പന യൂണിയൻ ബാങ്ക് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. അശോക ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിന് ശേഷം നടക്കുന്ന ധർണ ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യും.
ഏരിയ സെക്രട്ടറി മജീഷ് ജേക്കബ് യോഗത്തിൽ അധ്യക്ഷത വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12-ന് ചേന്നാട്ടുമറ്റം ജംക്ഷനിലെ കെപി ബിൽഡിങ്ങിൽ സമിതിയുടെ പുതിയ കട്ടപ്പന യൂണിറ്റ് ഓഫിസ് ഉദ്ഘാടനവും സാജൻ കുന്നേൽ നിർവഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ആർഎംഎസ് സ്പൈസസ് ഓഡിറ്റോറിയത്തിൽ ഏരിയ സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

