നീലക്കുറിഞ്ഞി പൂത്ത മലനിരകളിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുന്ന പശ്ചാത്തലത്തിൽ രാജകുമാരി ചൊക്രമുടിയിലേക്കുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. നീലവസന്തം വിരുന്നെത്തി മടങ്ങിയ പ്രദേശത്ത് കുറിഞ്ഞിയുടെ സാന്നിധ്യം മൂലം തേനീച്ചകളും കടന്നലുകളും കൂട്ടത്തോടെ കൂടുകൂട്ടിയിട്ടുള്ളത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചൊക്രമുടിയിൽ കാഴ്ചകൾ കാണാനെത്തിയ സഞ്ചാരികൾക്ക് നേരെ കടന്നൽ കൂട്ടമിളകിയെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കടന്നലുകൾ ആക്രമിക്കാൻ എത്തിയതോടെ പരിഭ്രാന്തരായ സന്ദർശകർ നിലത്തുകിടന്നും ഇരുന്നുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
സമാനമായ മറ്റൊരു സംഭവത്തിൽ, രണ്ടാഴ്ച മുൻപ് ചിന്നക്കനാൽ അറുപതേക്കർ മേഖലയിൽ നീലക്കുറിഞ്ഞി കാണാനെത്തിയ 8 കേറ്ററിങ് കോളജ് വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ആക്രമണത്തിൽ ഭയന്നോടി വിവിധ ഭാഗങ്ങളിൽ പെട്ടുപോയ വിദ്യാർത്ഥികളെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ചേർന്ന് അഞ്ച് മണിക്കൂറോളം നീണ്ട
കഠിനമായ പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി തിരിച്ചെത്തിച്ചത്. നീലക്കുറിഞ്ഞിയുടെ ഉണങ്ങിയ വിത്തുകൾ ഭക്ഷിക്കാൻ എലികൾ കൂട്ടത്തോടെ ഇത്തരം പ്രദേശങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ഈ എലികളെ ഇരയാക്കാനായി വിവിധയിനം പാമ്പുകളും, ഒപ്പം നിരവധി ഷഡ്പദങ്ങളും ചെറുജീവികളും കുറിഞ്ഞി പൂത്തുനിന്ന പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്. ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിന് ഔദ്യോഗികമായി വിരാമമായെങ്കിലും ഇപ്പോഴും നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി ഒരാൾക്ക് 500 രൂപ ഫീസ് ഈടാക്കിയാണ് വനം വകുപ്പ് ചൊക്രമുടി ട്രെക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഈ യാത്രയിൽ വനംവകുപ്പ് വാച്ചറുടെ സേവനവും സഞ്ചാരികൾക്ക് ലഭിക്കുന്നതാണ്.
എന്നാൽ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഔദ്യോഗിക ട്രെക്കിങ് പാതയിലൂടെ മാത്രമെ സഞ്ചാരികൾ മലകയറാൻ പാടുകയുള്ളൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

