അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള് ലോകമറിയുന്നത് സാഹിത്യത്തിലൂടെയാണെന്ന് പ്രമുഖ എഴുത്തുകാരൻ ഐസക് ഈപ്പൻ വ്യക്തമാക്കി.
സമൂഹത്തിലെ പട്ടിണിയും ദാരിദ്ര്യവും ചൂഷണവുമെല്ലാം ശക്തമായി അഭിസംബോധന ചെയ്യാന് എഴുത്തുകാര്ക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലെ ഒൻപതാമത്തെ ചടങ്ങിൽ “കഥയുടെ സഞ്ചാര വഴികള്” എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും വാഴ്ത്തുപാട്ടുകള് മാത്രമായി ഒതുങ്ങിനിന്നിരുന്ന സാഹിത്യത്തിലേക്ക് നവോത്ഥാന ചിന്തകള് കടന്നുവന്നതോടെയാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതയാഥാര്ത്ഥ്യങ്ങള് കഥകളായി പുറത്തുവന്നത്. സമൂഹത്തിലെ തിന്മകൾ തുറന്നുകാട്ടാനും മനുഷ്യനെ കൂടുതല് നന്മയുള്ളവനാക്കാനും തലയുയര്ത്തിപ്പിടിച്ച് ജീവിക്കാൻ പ്രാപ്തനാക്കാനും സാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും മനുഷ്യനില് അനുകമ്പ വളര്ത്താനും സാഹിത്യത്തിന് കഴിയുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും വര്ഗ്ഗീയതയുടെയും പേരില് നിരവധിയാളുകൾ കൊല്ലപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും, വര്ത്തമാനകാലത്തും മനുഷ്യരെ ഭിന്നിപ്പിക്കുന്ന വര്ഗ്ഗീയ വിഷം ചീറ്റുന്ന ശക്തികള് നിറഞ്ഞാടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയക്കാര് എപ്പോഴും വിമര്ശനങ്ങളെ ഭയക്കുമ്പോള്, അധികാരത്തിന്റെ അപകടങ്ങളെ ലോകത്തിന് മുന്നില് വിളിച്ചുപറഞ്ഞതും മാനവികതയ്ക്ക് വേണ്ടി നിലകൊണ്ടതും സാഹിത്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ചടങ്ങിൽ വില്സണ് സാമുവല് അധ്യക്ഷത വഹിച്ചു.
പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ.
മിനി പ്രസാദ് ‘പെണ്ണെഴുത്തിന്റെ പുതുവഴികള്’ എന്ന വിഷയത്തില് സംസാരിച്ചു. എഴുത്തുകാരായ വി.പി.ഏലിയാസ്, ഡോ.
ലിജിഷ. എ ടി, ഷിബു സുകുമാരൻ, ഷിബുദാസ് വേങ്ങേരി, റോയ് കാരാത്ര എന്നിവര് തങ്ങളുടെ രചനാനുഭവങ്ങള് പങ്കുവെച്ചു.
ചടങ്ങിൽ എ.കെ. രമേശ്, അഷറഫ് കുരുവട്ടൂർ, വി.ടി.
അരവിന്ദ്, കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ.എന്.എം സണ്ണി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

