തിരുവനന്തപുരം ജില്ലയിലെ വിതുര മേഖലയിൽ നിർമാണത്തിലിരിക്കുന്ന പേപ്പാറ– പൊടിയക്കാല റൂട്ടിലെ പാലവും അപ്രോച്ച് റോഡും പൂർത്തീകരിക്കാതെ കരാറുകാരൻ ജല അതോറിറ്റിക്ക് ബില്ല് സമർപ്പിച്ചതായി ഔദ്യോഗിക വിവരം. ആദിവാസി മഹാസഭ(എഎംഎസ്) സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണിക്ക് ജല അതോറിറ്റി നൽകിയ വിവരാവകാശ രേഖയിലാണ് ഈ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടുള്ളത്.
പേപ്പാറ ഡാമിന്റെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പൊടിയക്കാല ഊരിലേക്കുള്ള റോഡ് വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനായി കഴിഞ്ഞ വർഷം ജല അതോറിറ്റി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്. പ്രാരംഭ ഘട്ടത്തിൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ ഏജൻസികൾ തയ്യാറാകാതിരുന്നതിനെ തുടർന്ന് പിന്നീട് തുക വർധിപ്പിക്കുകയായിരുന്നു.
വർധിപ്പിച്ച തുകയ്ക്ക് കരാർ ഏറ്റെടുത്ത കമ്പനി പദ്ധതിയുടെ ബോക്സ് കൾവെർട്ട് നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് ബോക്സ് കൾവെർട്ട് നിർമാണത്തിന് എസ്റ്റിമേറ്റിൽ നിശ്ചയിച്ച തുകയിലും ഉയർന്ന തുകയ്ക്കുള്ള ബില്ലാണ് കരാറുകാരൻ ജല അതോറിറ്റിക്ക് സമർപ്പിച്ചിരിക്കുന്നത്.
നിലവിൽ സമർപ്പിച്ചിട്ടുള്ള ബില്ല് പരിശോധിച്ചു വരികയാണെന്നാണ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണം. പൂർത്തിയായ ഭാഗത്തിന്റെ നിർമാണത്തുക കരാർ വ്യവസ്ഥ പ്രകാരം കൈമാറിയാൽ ശേഷിക്കുന്ന ജോലികൾ യഥാർത്ഥത്തിൽ നടക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശയങ്ക നിലനിൽക്കുന്നുണ്ട്.
പദ്ധതിയുടെ പുരോഗതിയെക്കുറിച്ചോ തുടർനടപടികളെക്കുറിച്ചോ ജല അതോറിറ്റിയുടെയോ കരാറുകാരന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗികമായി ആധികാരികമായ വിശദീകരണങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് പൊടിയക്കാല ഊരുവാസികളുടെ മുഖ്യ പരാതി. നിർമാണ പദ്ധതിയുടെ പ്രാരംഭ എസ്റ്റിമേറ്റിൽ പാലവും അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിരുന്നെങ്കിലും, ബോക്സ് കൾവെർട്ടിന്റെ പണി മാത്രം പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.
ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ മഴക്കാലത്ത് പൊടിയക്കാലയിലേക്കുള്ള ഏക റോഡ് വെള്ളത്തിനടിയിലാകുകയും ഇവിടത്തെ നൂറ്റിയൻപതോളം കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്യും. ഈ ദുരിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനും പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായി ഉറപ്പുവരുത്താനുമാണ് ആവശ്യമായ ഉയരത്തിൽ പുതിയ പാലം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.
എന്നാൽ 1975-ൽ പേപ്പാറ ഡാം നിർമാണ കാലത്ത് കുടിയൊഴിപ്പിക്കപ്പെട്ട അർഹരായവരാണ് നിലവിൽ ഈ പൊടിയക്കാല ഊരിൽ താമസിക്കുന്നത് എന്നത് പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

