വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പ്രായമായവരും രോഗികളും കുട്ടികളുമടങ്ങുന്ന കാരുണ്യ സംഘടനകളുടെ പ്രതിനിധികളെന്ന വ്യാജേനയെത്തി സംഭാവന ചോദിക്കുന്ന രീതിയിലാണ് തട്ടിപ്പിന്റെ തുടക്കം.
ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും ചോദിച്ചു വാങ്ങി ഉപയോക്താക്കളെ കബളിപ്പിക്കുന്ന സംഘം ഇപ്പോൾ പുതിയ രീതികളാണ് പരീക്ഷിക്കുന്നത്. ഒറ്റത്തവണ സംഭാവന നൽകാനെന്ന പേരിൽ ക്യുആർ കോഡുകൾ സ്കാൻ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് മാസാമാസം തുക പിൻവലിക്കുന്ന ഓട്ടോപേ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.
ഉപയോക്താക്കളുടെ അറിയാതെയും എന്നാൽ അവരുടെ സമ്മതത്തോടെയുമാണ് ഈ രീതിയിൽ പണം നഷ്ടപ്പെടുന്നത്. തട്ടിപ്പിന്റെ രീതി
നേരിട്ടുള്ള സമീപനങ്ങൾക്ക് പുറമെ, സമൂഹമാധ്യമങ്ങളിലൂടെ അതിദയനീയ അവസ്ഥയിലുള്ള കുട്ടികളുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചും ഇത്തരത്തിലുള്ള സഹായ അഭ്യർഥനകൾ വ്യാപകമാണ്.
അഭ്യർഥനയോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് വഴി പണം അടയ്ക്കുമ്പോൾ ഭൂരിഭാഗം പേരും സ്ക്രീനിൽ വരുന്ന വിവരങ്ങൾ കൃത്യമായി പരിശോധിക്കാറില്ല. ഒറ്റത്തവണ മാത്രമാണ് പണം നൽകുന്നത് എന്ന ധാരണയിൽ യുപിഐ പിൻ നമ്പർ നൽകി ഇടപാട് പൂർത്തിയാക്കുമ്പോൾ, യഥാർഥത്തിൽ ഇത് എല്ലാമാസവും പണം പോകുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കൃത്യമായ ഇടവേളകളിൽ നിശ്ചിത തീയതികളിൽ പണം സ്വയമേവ പിൻവലിക്കപ്പെടും. മാസങ്ങൾക്ക് ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് പലപ്പോഴും തട്ടിപ്പിനിരയായ വിവരം വ്യക്തികൾ തിരിച്ചറിയുന്നത്.
അത്യാവശ്യ ജാഗ്രത
യുപിഐ പിൻ നമ്പർ നൽകുന്നതിന് തൊട്ടുമുമ്പുള്ള പേജിൽ ഇടപാട് ‘One-Time’ ആണോ അതോ ‘Recurring / Monthly’ ആണോ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ക്രീനിൽ ‘Recurring’ എന്നാണ് കാണുന്നതെങ്കിൽ യാതൊരു മടിയും കൂടാതെ ആ പേയ്മെന്റ് ഉടൻ തന്നെ റദ്ദാക്കേണ്ടതാണ്.
യുനിസെഫ് പോലുള്ള പ്രമുഖ സംഘടനകൾക്കോ മറ്റ് അംഗീകൃത ട്രസ്റ്റുകൾക്കോ ധനസഹായം നൽകുമ്പോൾ അപരിചിതമായ ലിങ്കുകൾ ഉപയോഗിക്കാതെ, അവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം സംഭാവന നൽകുക. ബാങ്കിൽ നിന്ന് പണം കുറയുമ്പോൾ വരുന്ന സന്ദേശങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.
അക്കൗണ്ടിൽ ‘ഓട്ടോപേ മാൻഡേറ്റ് ക്രിയേറ്റ്’ ചെയ്യപ്പെടുമ്പോൾ ബാങ്കിൽ നിന്ന് പ്രത്യേക സന്ദേശം ഉപയോക്താവിന് ലഭിക്കാറുണ്ട്. ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള തുക ഓട്ടോപേ ആയി പോകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക.
നിങ്ങളുടെ ആപ്പിലെ ഓട്ടോ പേ പട്ടികയിൽ പരിചിതമല്ലാത്തതോ താൽപര്യമില്ലാത്തതോ ആയ സ്ഥാപനങ്ങളുടെ പേരുകൾ കാണുകയാണെങ്കിൽ, അതിൽ ക്ലിക്ക് ചെയ്ത് ‘കാൻസൽ ഓട്ടോ പേ’ നൽകി പണം നഷ്ടപ്പെടുന്നത് തടയാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

