സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ അമ്പലവയലിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹെലിപാഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ടൗണിൽ നിന്ന് വെറും 200 മീറ്റർ മാത്രം ദൂരത്തിൽ പൊലീസ് സ്റ്റേഷൻ റോഡിലുള്ള കാർഷിക സർവകലാശാലയുടെ ഭൂമിയിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യൻ നേവിയുടെ വലിയ ഹെലികോപ്റ്ററുകൾക്ക് പോലും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന തരത്തിലാണ് ഹെലിപാഡും അനുബന്ധ റോഡും രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രകൃതിദുരന്ത ഘട്ടങ്ങളിൽ പ്രദേശം ഒറ്റപ്പെടാതിരിക്കാൻ വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കും, അത്യാഹിത വേളകളിൽ വിഐപികളുടെ സന്ദർശനങ്ങൾക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യും.
ജില്ലയിൽ ആകെ അഞ്ചു ഹെലിപാഡുകളാണ് നിർമ്മിക്കുന്നത്. അമ്പലവയലിന് പുറമേ ബത്തേരിയിൽ രണ്ടും, തലപ്പുഴയിലെ മുനീശ്വരൻകുന്ന്, ബാണാസുരസാഗർ അണക്കെട്ട് പരിസരം എന്നിവിടങ്ങളിൽ ഓരോന്നുമാണ് വരുന്നത്.
ഇതിൽ ബത്തേരിയിലെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 30 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഹെലിപാഡും അതിലേക്കുള്ള റോഡുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെയും പഞ്ചായത്തിന്റെയും സംയുക്ത മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നവംബർ പകുതിയോടെ പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.കൃഷ്ണകുമാർ വ്യക്തമാക്കി.
നിർമ്മാണ പുരോഗതി വിലയിരുത്തി
ഹെലിപാഡ് നിർമ്മാണ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൈസ് പ്രസിഡന്റ് ബീന അബു, സ്ഥിരസമിതി അധ്യക്ഷരായ കെ.കെ.ബാബു, പി.ഷഫീക്ക്, സിജി, രജില, റംല, നിഷ, എം.ജിൻസി, ആമിന, കെ.സി.ജിൻസി, സിന്ധു തുടങ്ങിയ ജനപ്രതിനിധികളും സംഘത്തോടൊപ്പം സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

