ദേശീയപാത 544ൽ സ്ഥിതി ചെയ്യുന്ന വടക്കഞ്ചേരി മേൽപാലം കുത്തിപ്പൊളിച്ചുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് 5 മാസം പിന്നിടുന്നു. കഴിഞ്ഞ മേയ് 15ന് ആരംഭിച്ച പ്രവൃത്തികളാണ് ഇതുവരെയും പൂർത്തീകരിക്കാത്തത്.
നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലം പൂർണ്ണമായും അടച്ചാണ് പണികൾ പുരോഗമിക്കുന്നത്. പാലത്തിലെ ഗതാഗത നിയന്ത്രണം യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുകയും ശക്തമായ ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തതിനു ശേഷം ഇതുവരെ 126 തവണയാണ് ഈ മേൽപാലം കുത്തിപ്പൊളിച്ചത്.
നിലവിൽ പാലത്തിന്റെ ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തുന്ന പ്രവൃത്തികളാണ് നടക്കുന്നത്. എന്നാൽ, മുൻപ് നിർമാണം പൂർത്തിയാക്കിയ ഭാഗങ്ങളിൽ വീണ്ടും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
മേൽപാലത്തിന്റെ സുരക്ഷയെക്കുറിച്ച് ഒരു വിദഗ്ധ സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞ 5 മാസത്തിനുള്ളിൽ മാത്രം 26 സ്ഥലങ്ങളാണ് ഇവിടെ കുത്തിപ്പൊളിച്ചത്.
ഇത് പതിവ് അറ്റകുറ്റപ്പണി മാത്രമാണെന്നാണ് നിർമാണ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും വിശദീകരണം. എന്നാൽ, ഇത്രയധികം തവണ പാലം പൊളിക്കേണ്ടിവരുന്നത് അശാസ്ത്രീയ നിർമാണത്തിന്റെ വ്യക്തമായ തെളിവാണെന്നാണ് നാട്ടുകാരുടെ നിലപാട്.
മേൽപാലത്തിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഭയവും നിലനിൽക്കുന്നുണ്ട്. പാലത്തിൽ ബാരിക്കേഡുകൾ സ്ഥാപിട്ടാണ് നിലവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.
എന്നാൽ ഈ ഭാഗത്ത് ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് വഴി തിരിയേണ്ടത് മനസ്സിലാകുന്നതെന്ന് ഡ്രൈവർമാർ വ്യക്തമാക്കി.
ഇത് പ്രദേശത്ത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എത്രയും വേഗം പണികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

