വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. സ്പെഷ്യലിസ്റ്റ് ബൗളർമാരെ മാറ്റിനിർത്തി ഓൾറൗണ്ടർമാരെ മാത്രം ഉൾപ്പെടുത്തി പ്ലേയിങ് ഇലവൻ രൂപീകരിക്കുന്ന നിലവിലെ ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടാനാകില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 247 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24 റൺസകലെ ഓള് ഔട്ടാവുകയായിരുന്നു.
സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾറൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ് നിരയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ രണ്ട് താരങ്ങളും ചേർന്ന് എറിഞ്ഞ 4 ഓവറിൽ വിക്കറ്റൊന്നും വീഴ്ത്താനാവാതെ 14.50 എക്കോണമിയിൽ 58 റൺസാണ് വഴങ്ങിയത്.
മത്സരശേഷം ക്രിക്ബസ് ടോക്ക് ഷോയിൽ സംസാരിക്കവെയാണ് കൈഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഈ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന്റെ പ്രധാന കാരണം ബൗളിങ് തന്നെയാണ്.
പരാജയത്തിന്റെ ഉത്തരവാദിത്തം ബൗളർമാർ ഏറ്റെടുത്തേ മതിയാകൂ. 247 റൺസ് എന്നത് വളരെ വലിയ സ്കോറാണ്.
മോശം ബൗളിങ് കാരണമാണ് നമ്മൾ തോറ്റത്. ഇതൊരു അഞ്ചു മത്സര പരമ്പരയാണ്.
സാധാരണയായി ബാറ്റർമാർ മൂന്ന് മത്സരങ്ങൾ ജയിപ്പിച്ചു തരുമ്പോൾ, ബാക്കി മത്സരങ്ങൾ ബൗളർമാരാണ് ജയിപ്പിക്കേണ്ടത്. എന്നാൽ ഇവിടെ ബൗളർമാർക്ക് ഒരു മത്സരം പോലും ജയിപ്പിക്കാൻ കഴിയുന്നില്ല.
ഈ ഒരു ടീം കോംബിനേഷനുമായി മുന്നോട്ട് പോയാൽ നിങ്ങൾ ഒരിക്കലും ലോകകപ്പ് ജയിക്കാൻ പോകുന്നില്ല,” മുഹമ്മദ് കൈഫ് വ്യക്തമാക്കി. എട്ടാം നമ്പർ വരെ ബാറ്റിങ് ഡെപ്ത് ഉറപ്പാക്കുന്ന മാനേജ്മെന്റിന്റെ തന്ത്രത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
ഏഴ് ബാറ്റർമാരും അക്സർ പട്ടേലുമടക്കം അഞ്ച് ബൗളർമാരുമായി കളത്തിലിറങ്ങുന്നതാണ് യഥാർത്ഥ ധീരതയെന്നും, മികച്ച ബാറ്റിങ് പിച്ചുകളിൽ സ്പെഷ്യലിസ്റ്റ് ബൗളർമാരെ ഒഴിവാക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബൗളർമാർക്ക് തങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ മത്സരശേഷം സമ്മതിച്ചിരുന്നു.
സമ്മാനദാന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പര വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

