അപകടത്തിൽപ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈൽഡ് ആക്സിഡന്റ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, അപകടത്തിൽ പരിക്കുകളുടെ തീവ്രത വർധിപ്പിക്കാൻ ഇടയാക്കുന്ന ബോഡി വർക്കിലെ മാറ്റങ്ങൾ എന്നിവയും റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്.
ഇത്തരം നിയമലംഘനങ്ങൾ കൃത്യമായി പോർട്ടലിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഗതാഗത കമ്മിഷണർക്ക് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കർശന നിർദേശം നൽകിയത്. എൻജിൻ ശേഷി വർധിപ്പിക്കൽ, ബ്രേക്കിങ് സംവിധാനത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രമുഖ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണം.
പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓൺലൈനിൽ കാണാനാകുമെങ്കിലും അവയുടെ പ്രിന്റൗട്ട് ലഭിക്കുന്നില്ലെന്ന സാങ്കേതിക പ്രശ്നം ഗതാഗത കമ്മിഷണർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേതുടർന്ന് എൻഐസിയെ കോടതി സ്വമേധയാ കേസിൽ കക്ഷിചേർക്കുകയുണ്ടായി. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹർജിയാണ് നിലവിൽ പരിഗണനയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

