ചെറുമൂട് സ്വദേശിയായ രാജു എഡ്വേർഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനായി എത്തിച്ച വേളയിൽ നാട്ടുകാരുടെ ഭാഗത്തുനിന്നും കനത്ത പ്രതിഷേധം. അസഭ്യവർഷത്തോടൊപ്പം പ്രതിക്കു നേരെ ചീമുട്ടയേറുമുണ്ടായി.
ജനക്കൂട്ടത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലൂടെ അതീവ ബുദ്ധിമുട്ടോടെയാണ് പൊലീസ് സംഘം പ്രതിയുമായി കൊലപാതകം നടന്ന വീട്ടിലേക്ക് പ്രവേശിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കു മുന്നിലൂടെ നടന്നുനീങ്ങിയത്.
ഈ മാസം മൂന്നിനാണ് രാജു എഡ്വേർഡ് മരണപ്പെട്ടത്. സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
3ന് പുലർച്ചെ ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണു ലേഖ ആശുപത്രിയിൽ നൽകിയ വിശദീകരണം.
എന്നാൽ രാജുവിന്റെ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തെത്തി.
കഴുത്തിൽ ശക്തിയായി അമർത്തിയതാണു മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ ലേഖയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയുണ്ടായി.
സംഭവദിവസം വീട്ടിൽ രാജുവും ലേഖയും മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏക മകൾ ബന്ധുവീട്ടിൽ നിന്നാണ് പഠനം തുടരുന്നത്.
ദമ്പതികൾ തമ്മിലുള്ള വഴക്കുകൾ പതിവായിരുന്നു. അടുത്തിടെ രാജുവിന് ലഭിച്ച കുടുംബ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ലേഖ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടും തർക്കങ്ങൾ നിലനിന്നിരുന്നു.
സംഭവദിവസം പുലർച്ചെ 5 മണിയോടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ രാജു ലേഖയെ മർദിച്ചിരുന്നതായും വിവരമുണ്ട്. തുടർന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടപ്പിലാക്കിയത്.

