ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. റഷ്യയും യുക്രെയ്നും തമ്മിൽ ‘ഊർജ വെടിനിർത്തലിന്’ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് വിപണിയിൽ മാറ്റങ്ങളുണ്ടായത്.
റഷ്യയിൽ നിന്ന് വൻതോതിൽ ക്രൂഡോയിലും ഡീസലും ആഗോള വിപണിയിലേക്ക് എത്താൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിടിവിന് പ്രധാന കാരണം. ഇതിനുപുറമേ, ജി7 രാഷ്ട്രങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡോയിലും ഡീസലും പൊതുവിപണിയിൽ ഇറക്കാൻ എടുത്ത തീരുമാനവും വില താഴാൻ വഴിവച്ചു.
യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിന് പിന്നാലെയാണ് ട്രംപ് സ്വന്തം നയങ്ങളും തീരുവ, ഉപരോധ ബില്ലുകളും മാറ്റിവെച്ച് റഷ്യയുമായി ഡീസൽ കരാറിന് തയ്യാറായത്. ഇതിന്റെ ഭാഗമായി യുഎസിലേക്കും ആഗോള വിപണിയിലേക്കും 40 ലക്ഷം ടൺ ഡീസൽ റഷ്യ ലഭ്യമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.34% ഇടിഞ്ഞ് 103.3 ഡോളറിലെത്തി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.56% താഴ്ന്ന് 90.42 ഡോളറിലുമെത്തി.
റഷ്യയും യുക്രെയ്നും പരസ്പരം എണ്ണ, വാതക റിഫൈനറികളും വിതരണശൃംഖലകളും ആക്രമിക്കുന്നത് നിർത്തുന്നതാണ് ‘ഊർജ വെടിനിർത്തൽ’ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഈ വെടിനിർത്തൽ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പ്രതികരിച്ചത്.
റഷ്യയാകട്ടെ യുക്രെയ്നിലെ ഖാർകീവിലുള്ള തെർമൽ പവർ പ്ലാന്റ് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവിലയിലെ ഇടിവിന് വലിയ തോതിൽ തടയിടുന്നുണ്ട്.
ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ക്രൂഡോയിൽ പൊതുവിപണിയിലേക്ക് എത്തുന്നതു തടയാൻ ഇറാൻ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളെ ലക്ഷ്യമിടുന്നുവെന്ന ആരോപണങ്ങളുണ്ട്. ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
ഇതിനിടയിലാണ് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദ്, ദമാം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഹൂതികൾക്കെതിരെ യുഎസ് സൈന്യവും രംഗത്തിറങ്ങുമെന്ന സൂചന ഡോണൾഡ് ട്രംപ് മുൻപ് നൽകിയിരുന്നു.
ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിൽ സംസാരിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിലെ സംഘർഷങ്ങളും പരിഹാര മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തത് വിപണിക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഹോർമുസിലെ ആക്രമണങ്ങളും ഹൂതികളുടെ പ്രകോപനങ്ങളും ഓഹരി വിപണികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഏഷ്യയിൽ ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പി 1% ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്.
എന്നാൽ ജാപ്പനീസ് നിക്കേയ്ക്ക് അവധിയായതിനാൽ വ്യാപാരം നടന്നില്ല. ഷാങ്ഹായ്, ഹോങ്കോങ് വിപണികൾ ‘എണ്ണ വെടിനിർത്തൽ’ പ്രഖ്യാപനത്തിന്റെ കരുത്തിൽ നേട്ടമുണ്ടാക്കി.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 0.24%, ഡൗ ജോൺസ് 0.05%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.12% എന്നിങ്ങനെ നേരിയ നേട്ടം രേഖപ്പെടുത്തി. ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് പുറത്തുവരും.
ഓഗസ്റ്റിൽ പണപ്പെരുപ്പം ജൂലൈയിലെ 4.45 ശതമാനത്തിൽ നിന്ന് 4.82 ശതമാനമായി ഉയർന്നിരുന്നു. പണപ്പെരുപ്പം വീണ്ടും ഉയർന്നാൽ റിസർവ് ബാങ്ക് വരാനിരിക്കുന്ന യോഗങ്ങളിൽ പലിശനിരക്ക് വീണ്ടും കൂട്ടിയേക്കാം.
അങ്ങനെയെങ്കിൽ വായ്പകളുടെ ഇഎംഐ ഭാരം വർധിക്കും. ഇന്ത്യൻ ഓഹരി വിപണിയെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു പ്രധാന ഘടകം വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ്.
സെപ്റ്റംബറിൽ 44,000 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) പിൻവലിച്ചത്. ഇതിൽ 30,000 കോടി രൂപയും പിൻവലിച്ചത് കഴിഞ്ഞ ആഴ്ചയിലാണ്.
എങ്കിലും ആഗോളതലത്തിലെ പോസിറ്റീവ് സൂചനകളും ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യൻ വിപണിക്ക് ഇന്ന് നേട്ടപ്രതീക്ഷ നൽകുന്നുണ്ട്. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 38.5 പോയിന്റ് (+0.17%) ഉയർന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 879 പോയിന്റ് (+1.23%) മുന്നേറി 72,472ലും നിഫ്റ്റി 288 പോയിന്റ് (+1.30%) ഉയർന്ന് 22,520ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ രണ്ടാംപാദ പ്രവർത്തനഫലങ്ങളും വിപണിയുടെ ശ്രദ്ധാകേന്ദ്രമാണ്.
എച്ച്സിഎൽ ടെക്നോളജീസ്, ആർബിഎൽ ബാങ്ക്, ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികൾ ഇന്ന് തങ്ങളുടെ പ്രവർത്തനഫലം പുറത്തുവിടും. കഴിഞ്ഞ സെഷനിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 17 പൈസ ഉയർന്ന് 96.71ൽ എത്തിയിരുന്നു.
റിസർവ് ബാങ്കിന്റെ ഇടപെടലുകളും പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഡോളർ വിൽപനയുമാണ് ഇതിന് സഹായിച്ചത്. എങ്കിലും 97ന് അടുത്തുതന്നെ രൂപ തുടരുന്നത് ആശങ്കാജനകമാണ്.
ക്രൂഡോയിൽ വിലയിലെ ഇടിവ് വരും ദിവസങ്ങളിൽ രൂപയ്ക്ക് കരുത്തുപകർന്നേക്കും. എണ്ണവില താഴ്ന്നതും യുഎസ് ഡോളർ സൂചിക നേരിയതോതിൽ ഇടിഞ്ഞതും സ്വർണവിപണിക്ക് നേട്ടമായിട്ടുണ്ട്.
ചൈന വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 21 ഡോളർ ഉയർന്ന് 4212 ഡോളറിലെത്തിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണവില വർധിക്കാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

