കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. അമിതവേഗത്തിൽ വാഹനം നിയന്ത്രിച്ചതിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും.
ഈ അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ ലൈസൻസ് റദ്ദാക്കാനുള്ള അന്തിമ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അപകടസമയത്ത് സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. ഇവർ സംഭവദിവസം വിവിധ ബാറുകളിൽ ഒന്നിച്ച് ഒത്തുകൂടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപകടം നടന്നയുടൻ പ്രതികൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗൺആർ കാറിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നും അമിതവേഗതയിലാണെന്നും വ്യക്തമായിട്ടും അത് തടയാൻ കൂടെയുണ്ടായിരുന്നവർ തയ്യാറായില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പിടിയിലായ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

