ട്രെയിൻ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തുവന്ന കേസിൽ നവാഗത സിനിമാ സംവിധായകൻ റെയിൽവേ പൊലീസിന്റെ പിടിയിലായി. പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ ആണ് അറസ്റ്റിലായത്.
ഈയിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ 80,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ട്രെയിനിൽ യാത്ര ചെയ്യവെ മോഷണം പോയ സംഭവത്തിൽ നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. യാത്രക്കാരുടെ ഇടയിൽ സംശയം ജനിപ്പിക്കാത്ത വിധം മാന്യമായ വസ്ത്രധാരണത്തോടെയാണ് ഇയാൾ തീവണ്ടികളിൽ സഞ്ചരിച്ചിരുന്നത്.
യാത്രക്കാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിൽ തിരിയുന്ന തക്കം നോക്കി ലാപ്ടോപ്പുകളും ഫോണുകളും അടിച്ചുമാറ്റുന്നതായിരുന്നു ഇയാളുടെ രീതി. മോഷ്ടിക്കുന്ന വിലകൂടിയ ഉപകരണങ്ങൾ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിച്ച്, താൻ ഇതിന്റെ ഇടനിലക്കാരനാണെന്ന് വ്യാജേന വിറ്റ് പണമാക്കുകയായിരുന്നു പതിവ്.
സംവിധാനം ചെയ്ത സിനിമയിൽ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിയാതെ വന്നതിനെ തുടർന്നുണ്ടായ കടബാധ്യതകൾ വീട്ടാനാണ് താൻ ഈ വഴി തെരഞ്ഞെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

