തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ അതിരൂക്ഷ ആക്രമണം. 12ലേറെപ്പേർക്കു പരുക്കേറ്റു.
അതിൽ 5 പേരുടെ നില അതീവഗുരുതരമാണ്. വിമാനത്താവളം താൽക്കാലികമായി അടച്ചു.
മിസൈൽ ആക്രമണം സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ ആക്രമണത്തിൽ വൻ സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ പൈലറ്റ് അടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തര വിമാനത്താവളം 4 തവണ സൗദി ആക്രമിച്ചെന്ന് ആരോപിച്ച ഹൂതികൾ, തിരിച്ചടിയുണ്ടാകുമെന്നും സൗദിയുടെ വ്യോമപാത ഒഴിവാക്കണമെന്നും വിമാനക്കമ്പനികൾക്കു മുന്നറിയിപ്പ് നൽകി.
അതിനിടെ, ഹൂതികളുടെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യെമനിലെ ഓരോ കേന്ദ്രവും തിരഞ്ഞുപിടിച്ചു സൗദി സഖ്യസേന നടത്തിയ തിരിച്ചടിയിൽ 136 സൈനിക കേന്ദ്രങ്ങൾ തകർന്നു. ഹൂതികളുടെ കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരം പൂർണമായും ഇല്ലാതാക്കുമെന്നു സൗദി പ്രഖ്യാപിച്ചു.
ബാബുൽ മൻദിബിൽ ആക്രമണം നടന്നിട്ടില്ലെന്ന ഹൂതികളുടെ അവകാശവാദം പൊളിച്ചു വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും സൗദി പുറത്തുവിട്ടു. ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎസ്, കാനഡ, സ്പെയിൻ, യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ പൗരന്മാരോടു സൗദിസന്ദർശനം ഒഴിവാക്കാൻ നിർദേശിച്ചു.
സൗദിയിൽ വേൾഡ് പെട്രോളിയം കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന രാജ്യാന്തര ഊർജ ഫോറം മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഇറ്റലി അറിയിച്ചു. എന്നാൽ, ആക്രമണമെന്ന പേരിൽ മുൻ നിശ്ചയിച്ച രാജ്യാന്തര സമ്മേളനങ്ങൾ മാറ്റിവയ്ക്കില്ലെന്നു സംഘാടകർ അറിയിച്ചു.
വിവിധ ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനമായതിനാൽ സൗദിയിൽ സുരക്ഷാനടപടികൾ കടുപ്പിച്ചു. എന്നാൽ, ഈ പരിപാടികളിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ വിട്ടുനിൽക്കുമെന്നാണു സൂചന.
അറേബ്യൻ ഗൾഫ് സമുദ്രപാതയിലൂടെ സഞ്ചരിച്ച എണ്ണ ടാങ്കറിനു നേരെയും മിസൈൽ ആക്രമണം ഉണ്ടായി. കപ്പലിലെ 22 ജീവനക്കാരെ യുഎഇ ദേശീയ സേന രക്ഷപ്പെടുത്തി.
സൗദി തലസ്ഥാനം ലക്ഷ്യമാക്കി ഹൂതി വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനസർവീസുകൾ ഇന്നലെയും റദ്ദാക്കി. സൗദിയ ഇന്നലെ കൊച്ചിയിൽനിന്നു നടത്തിയ സർവീസുകൾ വൈകിയാണു പുറപ്പെട്ടത്.
കൊച്ചിയിൽനിന്നു സൗദിയിലേക്കുള്ള ആകാശ എയർ വിമാനങ്ങളും റദ്ദാക്കി. റിയാദ് വിമാനത്താവളത്തിലെ സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് യുഎഇയിൽനിന്നുള്ള വിമാനസർവീസുകൾ തടസ്സപ്പെട്ടു.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ കമ്പനികൾ റിയാദിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ ഭൂരിഭാഗവും റദ്ദാക്കി. അബ്ഹ, യാൻബു സർവീസുകളെയും നിയന്ത്രണം ബാധിച്ചു.
ജർമനിയുടെ ലുഫ്താൻസ റിയാദ് സർവീസ് 16 വരെ റദ്ദാക്കി. ഖത്തർ എയർവേയ്സ് ദോഹ– റിയാദ് സർവീസുകൾ റദ്ദാക്കി.
റിയാദ് വിമാനത്താവളത്തിലേക്കു പോകും മുൻപു യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

