ഇന്റർനെറ്റ് ചരിത്രത്തിൽ പുതിയൊരു തരംഗത്തിന് തുടക്കമിട്ട പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ഓർക്കുട്ട്’ പുനരവതരിപ്പിക്കാൻ ഒരുങ്ങുന്നു.
ഡിജിറ്റൽ രംഗത്ത് മനുഷ്യർ തമ്മിലുള്ള ആത്മാർത്ഥമായ ബന്ധങ്ങൾക്കും കൂട്ടായ്മകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് പ്ലാറ്റ്ഫോം തിരികെ കൊണ്ടുവരാനാണ് സ്ഥാപകനായ ഓർക്കുട്ട് ബുയൂക്കോക്ടെന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ആഗോളതലത്തിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.
എങ്കിലും, നവീകരിച്ച പതിപ്പ് എപ്പോഴാണ് ഔദ്യോഗികമായി പുറത്തിറങ്ങുകയെന്ന കൃത്യമായ തീയതി അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: തുറന്ന കത്തുമായി സ്ഥാപകൻ ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിലൂടെയാണ് പ്ലാറ്റ്ഫോമിന്റെ തിരിച്ചുവരവിനുള്ള കാരണം അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി സോഷ്യൽ മീഡിയ രംഗത്തുണ്ടായ മാറ്റങ്ങളെ അദ്ദേഹം കത്തിൽ രൂക്ഷമായി വിമർശിച്ചു. ഇന്നത്തെ കാലത്തെ നവമാധ്യമങ്ങൾ യഥാർത്ഥ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നതിന് പകരം ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്റർനെറ്റ് കൂടുതൽ മനുഷ്യത്വപരമായിരുന്ന പഴയ കാലഘട്ടത്തെയും അദ്ദേഹം സ്മരിച്ചു. അക്കാലത്ത് വിദൂര ദേശത്തുള്ള ഒരാളിൽ നിന്ന് ലഭിക്കുന്ന ഒരു സന്ദേശം പോലും വലിയൊരു കൗതുകമായിരുന്നുവെന്നും, അത് നൽകിയ സന്തോഷം അത്രമേൽ ആത്മാർത്ഥമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇന്നത്തെ അവസ്ഥയിൽ യഥാർത്ഥ മാനുഷിക ബന്ധങ്ങൾക്ക് പകരം അൽഗോരിതങ്ങളാണ് സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർക്കുട്ടിന്റെ ചരിത്രം ഗൂഗിൾ എൻജിനീയറായ ഓർക്കുട്ട് ബുയൂക്കോക്ടെന് വികസിപ്പിച്ചെടുത്ത ഓർക്കുട്ട്, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആദ്യകാല സോഷ്യൽ നെറ്റ്വർക്കിംഗ് സംവിധാനങ്ങളിലൊന്നായിരുന്നു. 2004 ജനുവരിയിലാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചത്.
ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഓർക്കുട്ടിന് വൻ ജനപ്രീതിയാണ് ലഭിച്ചത്. പ്രൊഫൈലുകൾ, കമ്മ്യൂണിറ്റികൾ, ടെസ്റ്റിമോണിയലുകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ വലിയൊരു സുഹൃദ്വലയം തന്നെ സൃഷ്ടിക്കാൻ അന്ന് ഉപയോക്താക്കൾക്ക് സാധിച്ചിരുന്നു.
എന്നാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് നവമാധ്യമങ്ങളുടെ കടന്നുവരവും ജനപ്രീതി വർദ്ധിച്ചതും കാരണം 2014 സെപ്റ്റംബർ മാസത്തിൽ ഗൂഗിൾ ഓർക്കുട്ടിന്റെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ഈ നിർണ്ണായക തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

