മണ്ണിന്റെ ബലക്കുറവും ഭൂപ്രകൃതിയുടെ പ്രത്യേകതകളും മുൻനിർത്തി, ദേശീയപാത 66ൽ പണി പുരോഗമിക്കുന്ന പാലങ്ങളുടെയും ആകാശപ്പാതകളുടെയും നീളം കൂട്ടാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് മൂലം പദ്ധതി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നുവെങ്കിലും, പുതിയ തീരുമാനം കൂടിയായതോടെ നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. 2028ലും പാത പൂർത്തിയാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
നിർമാണം ഏറ്റെടുത്തിട്ടുള്ള കരാർ കമ്പനികളുമായി ദേശീയപാത അതോറിറ്റി നടത്തിയ ചർച്ചകളിലാണ് നിലവിലുള്ള കരാറുകളിൽ ഭേദഗതി വരുത്തി പലയിടത്തും പാലങ്ങളുടെ നീളം വർധിപ്പിക്കാൻ ധാരണയായത്. എന്നാൽ പുതുക്കിയ കരാർ ഒപ്പുവെക്കാതെ പ്രവൃത്തികൾ തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനികൾ.
ഇതേതുടർന്നാണ് നിർമാണം തടസ്സപ്പെട്ടത്. കരാർ പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട
ചർച്ചകൾ അധികൃതർ സജീവമാക്കിയിട്ടുണ്ട്. പ്രമുഖ നിർമാണക്കമ്പനികളിലൊന്നായ വിശ്വസമുദ്രയുമായി അതോറിറ്റി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്.
തെക്കൻ കേരളത്തിൽ കൂടുതൽ എലിവേറ്റഡ് ഹൈവേകളും അടിപ്പാതകളും നിർമിക്കാനും ദേശീയപാത അതോറിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിനായി ഏകദേശം 300 കോടി രൂപയുടെ അധികച്ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണ് (ഹാം) പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം നടപ്പിലാക്കുന്നത്. ഇതുപ്രകാരം പദ്ധതിയുടെ ആകെ ചെലവിന്റെ 40% തുക ദേശീയപാത അതോറിറ്റി ഘട്ടങ്ങളായി നേരിട്ട് അനുവദിക്കും.
ബാക്കിയുള്ള 60% തുക കരാർ കമ്പനികൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്രസർക്കാർ ഈ തുക പലിശ സഹിതം നിശ്ചിത വർഷങ്ങൾ കൊണ്ട് കമ്പനിക്ക് തിരികെ നൽകും.
അതോറിറ്റിയുടെ പുതിയ തീരുമാനങ്ങൾ പദ്ധതിയുടെ നിർമാണച്ചെലവ് വൻതോതിൽ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഭാവിയിൽ ടോൾ നിരക്ക് തീരുമാനിക്കുന്നതിലും ഈ വർധന പ്രതിഫലിക്കുമെന്നത് യാത്രാബത്തയും ടോൾ നിരക്കും സാധാരണക്കാരായ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറിയേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

