യാത്രക്കാരുടെ തിരക്ക് പരിഹരിച്ച് തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രാസൗകര്യമുള്ള പുതിയ ജനറൽ സിറ്റിങ് കോച്ചുകൾ ഉൾപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി ട്രെയിനിലെ 10 കോച്ചുകളാണ് ഇന്നലെ മാറ്റിയത്.
പഴയ കോച്ചുകളിൽ ഒരുയൂണിറ്റിൽ 108 പേർക്ക് ഇരുന്നും 42 പേർക്കു നിന്നും യാത്രചെയ്യാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ, പുതിയ കോച്ചുകൾ എത്തിയതോടെ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ യാത്രക്കാർക്ക് നിന്നും യാത്രാസൗകര്യം ലഭിക്കും. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി ട്രെയിനിലെ ബാക്കി ജനറൽ കോച്ചുകളും പുതിയവയിലേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനുപുറമെ, ജനശതാബ്ദി ട്രെയിനിൽ പുഷ്ബാക് സീറ്റുകളുള്ള ആധുനിക കോച്ചുകൾ അടുത്തയാഴ്ചയോടെ സർവീസിൽ ഉൾപ്പെടുത്തും. ഇതിനായി 16 പുതിയ കോച്ചുകൾ കൊച്ചുവേളിയിൽ എത്തിച്ചിട്ടുണ്ട്.
ഈ പുതിയ കോച്ചുകൾ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിക്ക് നൽകാൻ ആലോചിച്ചിരുന്നെങ്കിലും, ദൂരക്കൂടുതൽ കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക് അനുവദിക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നുണ്ട്. ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളിലെ ചരിവില്ലാത്ത ഇരിപ്പിടങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കപൂർത്തല കോച്ച് ഫാക്ടറിയിൽ നിന്ന് പുതിയ കോച്ചുകൾ ലഭ്യമാക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയത്.
അതേസമയം, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിലെയും സീറ്റുകൾ മാറ്റണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുഷ്ബാക് സീറ്റുകളുടെ ഉൽപാദനം പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് ഔദ്യോഗിക നിർദേശം നൽകിയാൽ മാത്രമേ ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

