കാസർകോട് കേന്ദ്ര സർവകലാശാലയിൽ അടുത്തിടെ നടന്ന ‘വന്ദേമാതരം’ ദേശീയ സെമിനാറിനിടെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി. സെമിനാർ നടപടികൾ തടസ്സപ്പെടുത്തുകയും സർവകലാശാലയുടെ അന്തസ്സ് ഇടിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് വിദ്യാർത്ഥികളെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.
സയിദ് അലി (എസ് എഫ് ഐ), ആവേദ് (എസ് എഫ് ഐ), മുഹമ്മദ് യാസീൻ (കെ എസ് യു), താജുദ്ദീൻ (എം എസ് എഫ്), മുഹമ്മദ് ഷബീർ (എം എസ് എഫ്) എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാർ ആണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സെമിനാറിൽ പ്രബന്ധ അവതരണം നടക്കുന്നതിനിടയിലാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്. സെമിനാർ സംഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കാമ്പസിൽ കടുത്ത പ്രതിഷേധങ്ങൾ നിലനിന്നിരുന്നു.
പ്രോക്ടർ കെ ശ്രീകുമാർ സംസാരിച്ചുകൊണ്ടിരിക്കെ ‘ഗോ ബാക്ക്’ വിളികളുമായി എത്തിയ വിദ്യാർത്ഥികൾ മൈക്ക് ഓഫ് ചെയ്യുകയും ലൈബ്രറി ഹാളിൽ നടക്കുകയായിരുന്ന സെമിനാർ തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് എ ബി വി പി, എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ് പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.
സെമിനാർ അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ, സംഭവത്തിൽ രൂക്ഷ വിമർശനവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി.
സർവകലാശാലാ വി സി ‘ഒന്നാന്തരം ആർ എസ് എസുകാരനാണെന്നും’ വിദ്യാർത്ഥികളെ പുറത്താക്കിയാണ് സെമിനാർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരത്തിലെ ആദ്യ വരികൾ എല്ലാ വിദ്യാർത്ഥികളും പാടുമെങ്കിലും അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും സംഘപരിവാർ ലക്ഷ്യമിടുന്നത് വർഗീയ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധിച്ച വിദ്യാർത്ഥികളെ കേരള പൊലീസ് ആക്രമിക്കുകയാണുണ്ടായതെന്നും, വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും എസ് എഫ് ഐ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

