പൊലീസുകാരനോടുള്ള ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, കെപിസിസി ജനറൽ സെക്രട്ടറി ബി.ആര്.എം.ഷെഫീര്‍ പുതിയ വിവാദത്തിൽ. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സീമാറ്റില്‍ ഷെഫീറിന്റെ ഭാര്യ ഷാനിക്ക് റിസര്‍ച്ച് ഓഫിസറായി താല്‍ക്കാലിക നിയമനം നല്‍കിയതാണ് നിലവിലെ വിവാദത്തിന് ആധാരം.
ഔദ്യോഗികമായി പരസ്യമായി അപേക്ഷ ക്ഷണിക്കാതെ, ബയോഡേറ്റ മാത്രം വാങ്ങി നിയമനം നൽകിയെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തിൽ പ്രതിമാസം 40,000 രൂപ വേതനത്തിലാണ് ഈ നിയമനം നടന്നിരിക്കുന്നത്.
എന്നാല്‍, ഒഴിവു വന്നപ്പോള്‍ ലഭ്യമായ ബയോഡേറ്റകളും ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയും മാത്രം പരിഗണിച്ചാണു നിയമനം നടത്തിയതെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. ഈ നിയമനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സീമാറ്റ് ഡയറക്ടര്‍ ആര്.അരുണ്‍കുമാറിനെ ഉപരോധിക്കുകയും ചെയ്തു.
പിന്നീട് സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. പരസ്യമായി അപേക്ഷ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പോ സീമാറ്റ് അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് സമീപിച്ച ഭാര്യാസഹോദരീഭര്‍ത്താവായ പൊലീസുകാരനോട് ‘നോ’ പറഞ്ഞു എന്ന് വെളിപ്പെടുത്തിയ ഷെഫീറിന്റെ പ്രസംഗം വലിയ തോതിൽ ചർച്ചയായിരുന്നു. പൊലീസ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതിരുന്ന ആളാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സഹായം അഭ്യർത്ഥിച്ച് എത്തിയതെന്നും, ആ അപേക്ഷ താൻ നിരസിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഭാര്യ തന്നോട് പിണങ്ങിയെന്നും രണ്ടു ദിവസത്തോളം സംസാരിച്ചില്ലെന്നും ഷെഫീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗത്തിനെതിരെയുള്ള നിയമന വിവാദം പുറത്തുവന്നിരിക്കുന്നത്.
അതേസമയം, തന്റെ ഭാര്യ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ സ്ഥാപനത്തില്‍ ഇതേ തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തിട്ടുണ്ടെന്ന് ബി.ആര്.എം.ഷെഫീര്‍ പ്രതികരിച്ചു. സീമാറ്റില്‍ മൊത്തം 18 പേരാണ് റിസര്‍ച്ച് ഓഫിസര്‍മാരായി താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തിരുന്നതെന്നും, അവരെല്ലാം ഇടതു സര്‍ക്കാര്‍ നിയമിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇവരിൽ ഒരാൾ മാറിയതുമൂലം ഉണ്ടായ ഒഴിവിലേക്കാണ് തന്റെ ഭാര്യ അപേക്ഷ സമർപ്പിച്ച് നിയമനം നേടിയതെന്നും, എല്ലാ നിയമപരമായ മാനദണ്ഡങ്ങളും ഇതിൽ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

