ഒറ്റപ്പാലം നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് കൂറ്റൻ ട്രെയ്ലർ നടുറോഡിൽ തുടരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം കടക്കാൻ അനുവദിക്കാതെ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു തടഞ്ഞിട്ട
വാഹനം രണ്ടു ദിവസത്തിലേറെയായി ഇവിടെ തുടരുകയാണ്. ഒതുക്കി നിർത്താൻ പോലും സാധിക്കാത്തത്ര വലിയ ട്രെയ്ലർ മായന്നൂർപ്പാലം അപ്രോച്ച് റോഡിന്റെ മധ്യഭാഗത്തായാണ് കിടക്കുന്നത്.
നിലവിൽ ഈ ഭാഗത്ത് ഒറ്റവരി ഗതാഗതമാണ് അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കമുള്ള പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ, ഞായറാഴ്ച വൈകിട്ടാണ് മോട്ടർ വാഹന വകുപ്പും പൊലീസും ഇടപെട്ട് ട്രെയ്ലർ തടഞ്ഞത്.
തുടർന്ന് മുപ്പത് മീറ്ററോളം നീളവുമുള്ള ട്രെയ്ലർ മായന്നൂർപ്പാലം അപ്രോച്ച് റോഡിലേക്കു കയറ്റി നിർത്തുകയായിരുന്നു. മായന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നത്.
ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇപ്പോൾ തെറ്റായ ദിശയിലൂടെയാണ് യാത്ര ചെയ്യുന്നത്.
കെഎസ്ഇബിയുടെ ട്രാൻസ്ഫോമറുകൾ കയറ്റി ഷൊർണൂരിലേക്ക് പോവുകയായിരുന്നു ഹരിയാന റജിസ്ട്രേഷനിലുള്ള പുള്ളർ ട്രെയ്ലർ. ഞായറാഴ്ച വൈകിട്ട് ട്രെയ്ലർ റോഡിലൂടെ പോകുന്നത് കണ്ട
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വാഹനത്തെ പിന്തുടർന്ന് പാലത്തിനു സമീപം തടയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയാണ് വാഹനം മായന്നൂർ റോഡിലേക്ക് മാറ്റിയത്.
എന്നാൽ, ഇപ്പോൾ ഇരു വകുപ്പുകളും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണുള്ളത്. ഗതാഗതത്തിന്റെ ചുമതലയുള്ള കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ ഇക്കാര്യം നോക്കുന്നുണ്ടെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
പാലക്കാട്–കുളപ്പുള്ളി പ്രധാനപാതയിൽ ഈസ്റ്റ് ഒറ്റപ്പാലം തോടിനു കുറുകെയുള്ള നിലവിലെ പാലത്തിനു ബലക്ഷയമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. അമിതഭാരമുള്ള വാഹനങ്ങൾക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഇല്ലെന്നാണു മറുപടി ലഭിക്കുന്നത്.
അഥവാ ബലക്ഷയമുണ്ടെങ്കിൽ ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ ഇതിലൂടെ അമിതഭാരമുള്ള വാഹനങ്ങൾ എങ്ങനെ കടന്നുപോകുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുന്നുണ്ടെങ്കിലും ഇരുപാലങ്ങളും ഇരുഭാഗത്തേക്കുള്ള ഗതാഗതത്തിനായി വിനിയോഗിക്കാനിരിക്കെയാണ് ഈ വിഷയങ്ങൾ ചർച്ചയാകുന്നത്.
ട്രെയ്ലർ കടന്നുപോയതുകൊണ്ട് പാലത്തിനു കേടുപാടു സംഭവിക്കാൻ സാധ്യതയില്ലെന്നും, ഒരുപക്ഷേ നിലവിലെ പാലത്തിനു തൊട്ടടുത്തു നിർമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിക്കു കേടുപാടുണ്ടായേക്കാമെന്നുമാണ് പിഡബ്ല്യുഡിയുടെ വിശദീകരണം. എന്നാൽ, പാലക്കാട് ഭാഗത്തുനിന്നുള്ള കൂറ്റൻ വാഹനം ഇനി ഏതുവഴി കടന്നുപോകുമെന്ന ചോദ്യത്തിന് ബന്ധപ്പെട്ട
വകുപ്പുകളുടെ പക്കൽ ഉത്തരവുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

