സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നത്.
ഇതിനിടെ, കേരളതീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഇന്ന് രാവിലെയോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മലപ്പുറം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ മഴ ലഭിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

