ചങ്ങനാശേരിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും പിന്മാറാതെ കുടുംബാംഗങ്ങളുടെ ജീവൻ രക്ഷിച്ച വളർത്തുനായയുടെ വാർത്ത ഏവരുടെയും ശ്രദ്ധ നേടുന്നു. നാല് വയസ്സുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട
റോസി എന്ന നായയാണ് വീട്ടുകാർക്ക് കാവലായി നിന്നു ധീരത പ്രകടിപ്പിച്ചത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന വിവരങ്ങൾ ഇങ്ങനെ:
കഴിഞ്ഞദിവസം വൈകിട്ട് മൂന്ന മണിയോടെ ചങ്ങനാശേരി കാക്കാംതോട് കൊല്ലശേരിൽ കെ.എം.ടോണിയുടെ അടുക്കളമുറ്റത്താണ് മൂർഖൻ പാമ്പിനെ കണ്ടത്. റോസിയുടെ നിർത്താതെയുള്ള കുര കേട്ട് ടോണിയും ഭാര്യ റെജിമോളും പുറത്തിറങ്ങി നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്.
ഈ സമയത്ത് ഇവരുടെ കൊച്ചുമകളായ ഒരു വയസ്സുള്ള എലീഷയും വീട്ടിലുണ്ടായിരുന്നു. ഉടൻതന്നെ പാമ്പ്പിടിത്തക്കാരനെ വിവരമറിയിച്ചു.
തുടർന്ന് വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി സ്ഥലത്തെത്തി. എന്നാൽ ഷിനോയ്ക്ക് വിട്ടുകൊടുക്കാതെ മൂർഖന് മുൻപിൽ റോസി പ്രതിരോധവുമായി നിലയുറപ്പിക്കുകയായിരുന്നു.
നായയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അത് അനുസരിച്ചില്ല. ഇതിനിടയിൽ പാമ്പ് കൊത്താനായി ആഞ്ഞടുത്തപ്പോൾ റോസി മൂർഖനെ കടിച്ചുകുടയുകയായിരുന്നു.
ഇതിനിടയിലാണ് നായയ്ക്ക് മുഖത്ത് കടിയേറ്റത്. പാമ്പ് ചത്തെന്ന് ഉറപ്പാക്കിയ ശേഷമാണ് റോസി പിന്മാറിയത്.
ഉടൻതന്നെ നായയെ മൂലവട്ടം മുപ്പായിക്കാടുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റോസിക്ക് ആന്റിവെനം നൽകിയതിനെ തുടർന്ന് രാത്രിയോടെ അപകടനില തരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

