കാൺപൂർ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്ലൻഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയിൽ.
ഉത്തർപ്രദേശിലെ കാൺപൂരിലെ ലാറ്റൂഷ് റോഡ് സ്വദേശിയായ ഇർഫാൻ (30) എന്നയാളെയാണ് അൻവർഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലൻഡ് സ്വദേശിയായ 25 കാരി ഉപ്സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി.
ഏകദേശം 20 ലക്ഷം ഭാത് (ഇന്ത്യൻ രൂപ 60 ലക്ഷത്തോളം) ഇയാൾ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് ഇയാൾ തായ് യുവതിയെ കല്യാണം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തായ്ലൻഡിൽ റസ്റ്ററന്റ് നടത്തുന്ന ഉപ്സോണും കാൺപൂരിലെ തുകൽ വ്യാപാരിയായ ഇർഫാനും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. നാല് വർഷം മുമ്പാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരും പരിചയപ്പെടുന്നത്.
ആദ്യം ഇരുവരും തമ്മിൽ സൗഹൃദമായിരുന്നു. പിന്നാലെ അത് പ്രണയബന്ധമായി മാറി.
പിന്നീട് താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. രണ്ട് വർഷം മുൻപ് ഉപ്സോണിനെ കാണാനായി ഇർഫാൻ തായ്ലൻഡിലേക്ക് പോയി.
അവിടെവച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഇർഫാൻ യുവതിയിൽ നിന്ന് പണം വാങ്ങാൻ തുടങ്ങി.
വിവാഹം കഴിഞ്ഞ് ഏഴെട്ട് മാസത്തിനിടെ ഏകദേശം 20 ലക്ഷം ഭാത് ഇയാൾ കൈപ്പറ്റിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. റസ്റ്റോറന്റിൽ നിന്നുള്ള വരുമാനവും കുടുംബാംഗങ്ങളോട് കടം വാങ്ങിയുമാണ് ഉപ്സോൺ പണം കണ്ടെത്തിയത്.
എന്നാൽ പണം ലഭിച്ച ശേഷം ഇർഫാൻ ഉപ്സോണുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിപ്പോവുകയായിരുന്നുവെന്ന് യുവതി പറയുന്നു. മാസങ്ങളോളം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ യുവതി ഇന്ത്യയിലേക്ക് തിരിക്കാൻ തീരുമാനിച്ചു.
2026 ഒക്ടോബർ 6-ന് യുവതി കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തി. എന്നാൽ അപ്പോഴാണ് ഇർഫാൻ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവതിയ്ക്ക് മനസ്സിലായത്.
ഇർഫാൻ 12 വർഷം മുൻപ് വിവാഹിതനായതാണെന്നും അയാൾക്ക് 3 മക്കളുണ്ടെന്നും യുവതി കണ്ടെത്തി. ഇതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു.
എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇർഫാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇന്ത്യയിലേക്ക് സ്ഥിരമായി താമസം മാറ്റണമെന്നും മതം മാറണമെന്നും എങ്കിൽ മാത്രമേ പണം തിരികെ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ഭാര്യയായി സ്വീകരിക്കുകയോ ചെയ്യുള്ളൂ എന്ന് ഇർഫാൻ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
പിന്നാലെ പൊലീസ് ഇർഫാനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

