പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ എട്ടാം വാർഡായ കോട്ടക്കുഴിയിൽ താഴ്ന്നുകിടക്കുന്ന 220 കെവി ഹൈടെൻഷൻ ലൈൻ മൂലം പ്രദേശവാസികൾ ഭീതിയിൽ.
മൂഴിയാർ– ഇടമൺ ലൈൻ കടന്നുപോകുന്ന ഈ മേഖലയിൽ ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് കടുത്ത ആശങ്കയോടെ കഴിയുന്നത്. അംഗപരിമിതനായ പ്രകാശ് (49) ഉൾപ്പെടെയുള്ളവരാണ് അധികൃതരുടെ അനാസ്ഥമൂലം ദുരിതം പേറുന്നത്.
കോട്ടക്കുഴി പുത്തൻവീട്ടിൽ പ്രകാശിന്റെ വീടിന് കഷ്ടിച്ച് 15 മീറ്റർ മാത്രമാണ് വൈദ്യുതലൈനുമായുള്ള അകലം. ഇരു കാലുകളും തളർന്ന പ്രകാശൻ തറയിലൂടെ ഇഴഞ്ഞാണ് സഞ്ചരിക്കുന്നത്.
പകൽ സമയത്ത് മാതാവ് തൊഴിലുറപ്പിനും സഹോദരൻ പെയ്ന്റിങ് ജോലിക്കും പോകുന്നതോടെ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരിക്കും. കന്നിമാസ മഴയും ഇടിമിന്നലുമുള്ള സമയങ്ങളിൽ താഴ്ന്നുകിടക്കുന്ന ലൈനിൽ തട്ടി ഭീതിജനകമായ ശബ്ദമാണ് പുറത്തുവരുന്നത്.
“എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഓടി രക്ഷപ്പെടാൻ പോലും തനിക്കാവില്ല,” എന്ന് പ്രകാശ് പറയുന്നു. ലൈനിന്റെ സാമീപ്യം കാരണം വീട്ടിലെ ഗൃഹോപകരണങ്ങൾ പലതും തകരാറിലാണ്.
റേഡിയോയിൽ പോലും ശബ്ദം വ്യക്തമായി ലഭിക്കുന്നില്ല. മൂന്ന് വർഷം മുൻപ് ഈ പ്രദേശത്ത് കൈവശമുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഹൈടെൻഷൻ ലൈനിൽ തട്ടി ഒരു യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു.
ഈ ദുരന്തത്തിനുശേഷവും ലൈൻ ഉയർത്തുന്നതിനുള്ള നടപടികൾ കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലൈൻ താഴ്ന്നുകിടക്കുന്ന ഭാഗത്ത് പുതിയ ടവർ നിർമിക്കുന്നതിനായി എസ്റ്റിമേറ്റും മണ്ണുപരിശോധനയും നടത്തിയിരുന്നെങ്കിലും തുടർനടടപടികൾ വൈകുകയാണ്.
മൂഴിയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓഫിസിലാണ് ഇതിന്റെ ചുമതല. മഴക്കാലത്ത് ഈ ലൈനിനു കീഴിലൂടെ കുട
ചൂടിനടന്നാൽ പോലും ദേഹത്ത് പെരുപ്പ് അനുഭവപ്പെടുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഏതാനും വർഷം മുൻപ് ഈ ഭാഗത്തുകൂടി പാത്രങ്ങളുമായി പോയ തമിഴ് കച്ചവടക്കാരന്റെ പാത്രം ഷോക്കേറ്റ് തെറിച്ചുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
കോട്ടക്കുഴി സർജ്ഷാഫ്റ്റ് റോഡും കോട്ടക്കുഴി അമ്പലം റോഡും കടന്നുപോകുന്നത് ഈ വൈദ്യുതലൈനിന്റെ അടിവശത്തുകൂടിയാണ്. പ്രദേശത്ത് അടിക്കാടുകൾ വരിഞ്ഞുനിൽക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നുണ്ട്.
കാട് തെളിക്കുന്ന പണികളും സമയബന്ധിതമായി നടക്കുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടർന്നാൽ വലിയൊരു ദുരന്തമാകും പ്രദേശത്തുണ്ടാകുകയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

