രാവിലെ സമരമുന്നറിയിപ്പുമായി സിജെപി നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ എത്തിയതും, ഉച്ചയ്ക്ക് പ്രസ്ക്ലബ്ബിൽ വിദ്യാർഥിനേതാക്കളുടെ പത്രസമ്മേളനം നടന്നതും, തൊട്ടുപിന്നാലെ ജൻപഥിൽ പ്രതിപക്ഷനേതാക്കളുടെ ഉച്ചവിരുന്ന് സംഘടിപ്പിച്ചതും മൂലം നഗരം ഇന്നലെ വലിയൊരു ആശങ്കയിലായിരുന്നു. ഇനിയെന്താണു സംഭവിക്കുകയെന്നറിയാതെ ന്യൂഡൽഹി വട്ടംകറങ്ങി.
ഇന്നു മുതൽ 12 വരെ സെൻട്രൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ കർശനമായി നേരിടാൻ പൊലീസ്, എസ്എസ്ബി, ആർഎഎഫ്, ബിഎസ്എഫ്, സിആർപിഎഫ് വിഭാഗങ്ങൾക്കു പുറമേ, കേന്ദ്ര സായുധ പൊലീസിന്റെ (സിഎപിഎഫ്) 23,000 ഉദ്യോഗസ്ഥരെ (221 കമ്പനി) ആണ് രംഗത്തിറക്കിയിരിക്കുന്നത്. അമർനാഥ് യാത്രയ്ക്കു സുരക്ഷയൊരുക്കാൻ ജമ്മുവിലും തിരഞ്ഞെടുപ്പു സംഘർഷങ്ങൾ നിയന്ത്രിക്കാൻ ബംഗാളിലും നക്സൽ വേട്ടയ്ക്ക് ഛത്തീസ്ഗഡിലും വിന്യസിച്ചിരുന്ന സേനയെയാണ് പ്രതിഷേധം പ്രതിരോധിക്കാൻ ഡൽഹിയിലേക്കു വിളിപ്പിച്ചത്.
2020–21 കാലഘട്ടത്തിൽ നടന്ന കർഷക സമരത്തെയും കഴിഞ്ഞ ജൂലൈയിൽ സിജെപി സമരത്തെയും നേരിട്ടതിനെക്കാൾ വലിയ സുരക്ഷാ സന്നാഹമാണു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളെ നേരിടാൻ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ സമരത്തെ നേരിടാൻ കൊൽക്കത്തയിൽ നിന്ന് വിമാനത്തിൽ കൊണ്ടുവന്ന 20 കമ്പനി സിആർപിഎഫ് ജവാൻമാർ ഇതുവരെ മടങ്ങിയിട്ടില്ല.
കൂടാതെ, സെപ്റ്റംബറിൽ നടന്ന ബ്രിക്സ് സമ്മേളനത്തിനെത്തിയ ബിഎസ്എഫിന്റെ 41 കമ്പനി, ഐടിബിപിയുടെ 18 കമ്പനി, ആർഎഎഫ് 13 കമ്പനി, 5 വനിതാ കമ്പനി ഉൾപ്പെടെ സിആർപിഎഫിന്റെ 12 കമ്പനി, സിഐഎസ്എഫിന്റെ 11 കമ്പനി എന്നിവയും ഡൽഹിയിൽ തുടരുന്നുണ്ട്. പ്രതിഷേധങ്ങളെ നേരിടാൻ ഇറങ്ങുന്ന 15,000 പൊലീസുകാർക്കു പുറമേയാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ വിവരങ്ങൾ ചോർത്തുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഡൽഹിയിൽ വിന്യസിച്ചിരുന്നു. ഇന്നലെ ജൻപഥിലെ റസ്റ്ററന്റിൽ പ്രതിപക്ഷ നേതാക്കളുടെ ഉച്ചവിരുന്നു കഴിഞ്ഞ് രാഹുൽ എങ്ങോട്ടു നീങ്ങുമെന്നറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെയും സമീപിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

