തൃശൂർ ജില്ലയിലെ നാട്ടിക എന്ന ഗ്രാമത്തിൽ നിന്നും കായിക ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നു വന്ന ആൻസി സോജൻ ഇന്ന് രാജ്യത്തിന്റെ മുഴുവൻ അഭിമാനമായി മാറിക്കഴിഞ്ഞു. കളിത്തട്ടിലെ കടുത്ത മത്സരങ്ങൾക്കൊപ്പം കളത്തിനു പുറത്തുനിന്നുള്ള കടുത്ത സൈബര് ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും ധീരമായി പ്രതിരോധിച്ചാണ് ഈ യുവതാരം വെള്ളി മെഡൽ നേട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.
കഷ്ടപ്പാടുകളും യാഥാർത്ഥ്യങ്ങളും നിറഞ്ഞ കായിക ജീവിതത്തിൽ മകളെ കൈപിടിച്ചുയർത്താൻ കൂടെനിന്ന അച്ഛന്റെ പിന്തുണയും ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചുള്ള പോരാട്ടവും ഏറെ ശ്രദ്ധേയമാണ്. കായിക രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും ഒരു പെൺകുട്ടി എന്ന നിലയിൽ നിരവധി തടസ്സങ്ങളാണ് ആൻസിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.
തുടക്കകാലത്ത് പെൺകുട്ടികളെ ഇത്തരം രംഗങ്ങളിലേക്ക് അയക്കുന്നതിനെതിരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും കടുത്ത ചോദ്യങ്ങൾ ഉയർന്നിരുന്നു. ‘സ്പോർട്സ് മാത്രം പോരല്ലോ, പഠിപ്പിലും ശ്രദ്ധിക്കണം’ എന്ന് പറഞ്ഞ് പലരും അച്ഛനെ ഉപദേശിച്ചിരുന്നുവെങ്കിലും അച്ഛൻ ഇ.ടി.സോജൻ മകൾക്ക് കട്ടയ്ക്ക് കൂടെ നിൽക്കുകയാണുണ്ടായത്.
ഓട്ടോ ഡ്രൈവറായ അച്ഛനും അമ്മ ജാൻസി സോജൻ അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് ആൻസിയുടെ കരുത്ത്. മത്സരങ്ങൾക്കും പരിശീലനത്തിനുമൊപ്പം സഞ്ചരിക്കുമ്പോൾ അച്ഛന് നിരവധി സവാരികൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ആരോഗ്യപരമായി വലിയ വെല്ലുവിളികളാണ് താരം കരിയറിൽ തരണം ചെയ്തത്. കരിയറിന്റെ തുടക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതിരുന്ന പി.സി.ഒ.ഡി (PCOD) പിന്നീട് കടുത്ത പ്രതിസന്ധിയായി മാറി.
17-ാം വയസ്സിൽ മാത്രമാണ് താരത്തിന് ആദ്യമായി ആർത്തവം ഉണ്ടാകുന്നത് തന്നെ. കഴിഞ്ഞ വർഷമാണ് ഈ ശാരീരികാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുകയും അമിത വിശപ്പ് അനുഭവപ്പെടുകയും ചെയ്തതോടൊപ്പം മുഖത്ത് രോമവളർച്ച ഉണ്ടായതിനെത്തുടർന്നും സൈബർ ഇടങ്ങളിൽ വലിയ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. കഠിനാധ്വാനം ചെയ്തിട്ടും അതിനെ മാനിക്കാതെ ഇത്തരം അധിക്ഷേപങ്ങൾ ഉയർത്തിയത് മാനസികമായി ഏറെ തളർത്തിയിരുന്നുവെങ്കിലും കഠിനമായ ഡയറ്റും വ്യായാമവും വഴി താരം ഇതിനെ അതിജീവിച്ചു.
ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ്ജമ്പിൽ വെള്ളിമെഡൽ നേടിയ ശേഷവും സൈബർ ബുള്ളിയിംഗ് ഒടുങ്ങിയിരുന്നില്ല. മുടിയിലെ ക്ലിപ്പിന്റെയും സ്റ്റൈലിന്റെയും പേരിൽ പോലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
എന്നാൽ ഇത്തരം നിഷേധാത്മകമായ കമന്റുകൾ ഒന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്ന് ആൻസി വ്യക്തമാക്കുന്നു. ഒരുങ്ങി നടക്കാനും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും വലിയ ഇഷ്ടമാണെന്നും അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും താരം പറയുന്നു.
വിജയ്യുടെ കടുത്ത ആരാധികയായ ആൻസി തന്റെ മത്സരങ്ങൾക്ക് മുൻപുള്ള വാം-അപ്പിനായി അദ്ദേഹത്തിന്റെ പാട്ടുകളാണ് ഉപയോഗിക്കാറുള്ളത്. പ്രതിസന്ധികളെല്ലാം സ്വന്തം കംഫർട്ട് സോൺ വിട്ട് പുറത്തുകടന്ന് ധീരമായി നേരിട്ടാണ് ആൻസി സോജൻ ഈ നിലയിലേക്കെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

