കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ ദുരിതത്തിൽ സർക്കാരിന്റെ കൽപനയനുസരിച്ച് കർഷകർ ഇല്ലാത്ത ഭൂമിക്കും നികുതി നൽകേണ്ട ഗതികേടിൽ.
പഞ്ചായത്തിലെ എട്ടാം വാർഡിൽ ബാവലിപ്പുഴ രണ്ടായി പിരിഞ്ഞൊഴുകിയതിനെ തുടർന്ന് പത്തേക്കറോളം കൃഷിഭൂമിയാണ് പൂർണ്ണമായും നശിച്ചത്. ഇരട്ടത്തോടിന് സമീപം പുളിക്കാംപൊയിൽ തോട് പുഴയിലേക്ക് ചേരുന്ന ഭാഗത്താണ് ഈ വലിയ മാറ്റമുണ്ടായത്.
മുൻപ് സമൃദ്ധമായ തെങ്ങിൻ തോട്ടങ്ങൾ നിലനിന്നിരുന്ന പ്രദേശമാണിത്. ശേഷിക്കുന്ന ഭൂമി കൂടി നഷ്ടപ്പെടാതിരിക്കാൻ റവന്യൂ, ഇറിഗേഷൻ, പഞ്ചായത്ത് വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശത്തെ കർഷകരുടെ പ്രധാന ആവശ്യം.
പ്രദേശത്ത് 2007-ൽ ആരംഭിച്ച കരയിടിച്ചിൽ പിന്നീട് രൂക്ഷമാകുകയായിരുന്നു. നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് ഇതിനോടകം പുഴയെടുത്തത്.
തുടർന്ന് 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങൾക്ക ശേഷം ഈ പ്രദേശത്ത് കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകൂടി വലിയൊരു തുരുത്ത് രൂപപ്പെടുകയായിരുന്നു. ഇപ്പോൾ കാടുകയറി ഈ പ്രദേശം ഒരു ചെറിയ ദ്വീപ് പോലെയാണ് കാണപ്പെടുന്നത്.
ഇതുമൂലം എടക്കര പൗലോസ്, വലിയപറമ്പിൽ വർഗീസ് എന്നിവരുടെ ഒന്നരയേക്കർ വീതമുള്ള ഭൂമിയാണ് പൂർണ്ണമായി ഇല്ലാതായത്. കൂടാതെ കുന്നേൽ ജയിംസ് ജോൺ, പള്ളിപ്പാട്ട് ബാബു, വലിയ പറമ്പിൽ മാത്യു, വലിയപറമ്പിൽ പൗലോസ് എന്നിവരുടെ ഭൂമിയും ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ വർഷം ശക്തമായ മഴ ലഭിച്ചിട്ടില്ലെങ്കിലും കരയിടിച്ചിൽ നിരന്തരം തുടരുന്നതായി കർഷകർ പറയുന്നു. “ഒന്നര ഏക്കറിലധികം കൃഷിഭൂമി ഉണ്ടായിരുന്നു.
തെങ്ങിൻ തോട്ടമായിരുന്നു. ഭൂമി പൂർണമായി പുഴയെടുത്തു പോയി.
ഇല്ലാത്ത ആ ഭൂമിക്കും നികുതി അടയ്ക്കേണ്ട അവസ്ഥയാണുള്ളത്.” എന്ന് കർഷകനായ വർഗീസ് വലിയപറമ്പിൽ വ്യക്തമാക്കുന്നു.
2018, 2019 വർഷങ്ങളിലെ പ്രളയകാലത്ത് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് കൊട്ടിയൂർ മുതൽ കണിച്ചാർ വരെയുള്ള പ്രദേശങ്ങളിലെ നിരവധി കർഷകരുടെ ഭൂമി ഭാഗികമായും പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. പുഴകളിൽ മണ്ണും കല്ലും അടിഞ്ഞുകൂടി അപകടാവസ്ഥയിലായതിനെ തുടർന്ന് കൊട്ടിയൂർ പഞ്ചായത്തിൽ ഇറിഗേഷൻ വകുപ്പ് ഫണ്ട് അനുവദിച്ച് ചില ഭാഗങ്ങളിൽ മണ്ണുനീക്കം ചെയ്യുകയും സംരക്ഷണഭിത്തി നിർമ്മിക്കുകയും ചെയ്തിരുന്നു.
എങ്കിലും പല പ്രദേശങ്ങളിലും യാതൊരുവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടില്ല. “200 മീറ്ററിൽ അധികം അകലെ ഉണ്ടായിരുന്ന പുഴ ഇപ്പോൾ എന്റെ കൃഷിയിടത്തിലേക്ക് ഗതിമാറി എത്തി.
15 സെന്റ് സ്ഥലം ഇപ്പോൾ തന്നെ നഷ്ടപ്പെട്ടു. ബാക്കിയുള്ളതു കൂടി നഷ്ടപ്പെടുമോ എന്ന ഭീതിയുണ്ട്.” എന്ന് ഭൂവുടമയായ ജയിംസ് ജോൺ കുന്നേൽ ആശങ്ക പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

