സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ കുറയുകയും വൈകിട്ടോടെ വർധിക്കുകയും ചെയ്ത വിലയാണ് ഇന്ന് വീണ്ടും താഴ്ന്നത്.
വിപണിയിലെ പുതിയ മാറ്റങ്ങൾ പ്രകാരം ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായും, പവന് 480 രൂപ ഇടിഞ്ഞ് 1,09,680 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
ക്രൂഡോയിൽ വിലയും അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടവും കുറഞ്ഞതിനെ തുടർന്ന് ഇന്നലെ സ്വർണവില താഴ്ന്നിരുന്നു. എന്നാൽ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഹൂതികൾ നടത്തിയ ആക്രമണവും പശ്ചിമേഷ്യയിൽ നിന്ന് എണ്ണവരവ് കുറയുമെന്ന റിപ്പോർട്ടുകളും സ്ഥിതിഗതികൾ മാറ്റിയെഴുതി.
ഹോർമുസ് വഴിയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിച്ചതും വിപണിയിൽ പ്രത്യാഘാതമുണ്ടാക്കി. ഇതേത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 101 ഡോളർ ആയി ഉയരുകയും അമേരിക്കൻ ബോണ്ട് യീൽഡുകൾ വർധിക്കുകയും ചെയ്തു.
പിന്നാലെ സ്വർണം ഔൺസിന് 4127 ഡോളർ വരെ ഇടിഞ്ഞു. നിലവിൽ 4100 ഡോളർ എന്ന നിലയിലാണ് പിന്തുണയുള്ളത്.
ഇത് മറികടന്നാൽ വില കൂടുതൽ ഇടിവിലേക്ക് കൂപ്പുകുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, കേന്ദ്രബാങ്കുകളുടെ സ്വർണവരുമാനം കുറയാത്തതും രാജ്യങ്ങളുടെ കടബാധ്യതയും സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വില കൂടുതൽ നഷ്ടത്തിലേക്ക് പോകുന്നതിൽ നിന്ന് തടയുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യുഎസ് ഫെഡറൽ റിസർവ് ഈ വർഷം കൂടുതൽ പലിശ നിരക്ക് വർധനവിലേക്ക് കടക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് ഇക്കാര്യത്തിൽ നിർണായകമാകും.
വിലയിലെ വൻ ഇടിവ് കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച രാജ്യാന്തര സ്വർണവിലയിൽ ഇക്കുറി 25 ശതമാനത്തിനു മുകളിൽ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2026 ജനുവരി 28നാണ് രാജ്യാന്തര വില റെക്കോർഡ് ഉയരമായ 5589 ഡോളർ എന്ന നിലയിലെത്തിയത്.
നിലവിലിത് 4132 ഡോളർ ആണ്. അതായത് 1457 ഡോളറിന്റെ (26%) കുറവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ 2026 ജനുവരി 29നാണ് സർവകാല റെക്കോർഡായ പവന് 1,31,160 രൂപ രേഖപ്പെടുത്തിയത്. ഇന്നത്തെ നിരക്ക് പ്രകാരം പവന് 1,09,680 രൂപയാണ് ഉള്ളത്.
ഇതുപ്രകാരം 21,480 രൂപയുടെ (16.3%) കുറവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ഇന്നത്തെ നിരക്ക് അനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് കുറഞ്ഞത് 1,24,350 രൂപയെങ്കിലും വേണ്ടി വരും.
അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,265 രൂപയിലെത്തി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഗ്രാമിന് 235 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

