റാഗിങ് കുറ്റം തെളിഞ്ഞാൽ വിദ്യാർഥികളെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം തയാറാക്കിയ പുതിയ മാർഗനിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കുന്ന വേളയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
റാഗിങ് തടയുന്നതിനുള്ള കർശന മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശപ്രകാരം ഈ മാർഗനിർദേശങ്ങൾ തയ്യാറാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു.
കരട് ബില്ലിലെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗരേഖ രൂപീകരിച്ചിരിക്കുന്നത്. പുതിയ മാർഗരേഖ പ്രകാരം ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടും.
ദേഹനിന്ദ ഉൾപ്പെടെയുള്ള പ്രവൃത്തികൾ റാഗിങ്ങിന്റെ നിർവചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളുടെ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും റാഗിങ്ങായി കണക്കാക്കുന്നതാണ്.
ഡിജിറ്റൽ റാഗിങ്ങും ഗുരുതരമായ കുറ്റമാണെന്ന് പുതിയ മാർഗനിർദേശങ്ങളിൽ ഊന്നിപ്പറയുന്നുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ്, മെന്ററിങ് സെൽ, വെൽനെസ് ക്ലിനിക് അല്ലെങ്കിൽ കൗൺസലിങ് സെൽ എന്നിവയിൽ ഏതെങ്കിലും സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

