മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധ മാർച്ച് ആരംഭിച്ചു. പാർലമെന്റിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ചിൽ പ്രതിപക്ഷ നിരയിലെ എംപിമാർ ഒറ്റക്കെട്ടായി അണിനിരന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് ലക്ഷ്യമാക്കി മുന്നേറിയ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പൊലീസ് ശക്തമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 13 കോടി ഇന്ത്യക്കാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് പ്രതിപക്ഷം ഗുരുതര ആരോപണം ഉന്നയിച്ചു.
തിരഞ്ഞെടുപ്പുകൾ വ്യാപകമായി അട്ടിമറിക്കപ്പെട്ടതായും പ്രതിപക്ഷം ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലാണ് 150-ഓളം എംപിമാർ മാർച്ചിൽ അണിനിരന്നത്. പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചു.
തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപിയായ പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറിയത് പ്രതിഷേധക്കാരുടെ ആവേശം ഇരട്ടയാക്കി. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുമെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ‘വോട്ട് ബചാവോ, ദേശ് ബചാവോ’ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ മാർച്ച്.
ആറ് സംസ്ഥാനങ്ങളിലായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി ആളുകളുടെ വീടുകൾ സന്ദർശിക്കാനും അവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ സഹായിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യാ സഖ്യ കക്ഷികളുടെ ഈ മാർച്ച് വരുന്ന 8 വരെ തുടരും. തുടർന്ന് 10 മുതൽ 20 വരെ കോൺഗ്രസിന്റെ പ്രത്യേക യോഗങ്ങളും മാർച്ചുകളും നടക്കും.
നവംബർ 25 വരെ ‘വോട്ട് ബചാവോ, ദേശ് ബചാവോ, സിഇസി ഹഠാവോ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന, ജില്ലാ തല റാലികൾ സംഘടിപ്പിക്കും. നവംബർ ഒന്നിന് ഡൽഹിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന റാലിയിലേക്ക് മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

