തുലാവർഷ വരവിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന കോട്ടയം ജില്ലയിൽ മിന്നലുകളുടെ ആധിക്യം ആശങ്ക സൃഷ്ടിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മാത്രം ജില്ലയിൽ 440 മിന്നലുകളാണ് രൂപപ്പെട്ടത്.
സംസ്ഥാനത്താകെ അന്ന് 5,104 മിന്നലുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 939 മിന്നലുകൾ റിപ്പോർട്ട് ചെയ്ത മലപ്പുറമാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്.
542 മിന്നലുകളുമായി ഇടുക്കി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ മൺസൂൺ കാലയളവിലും ഏറ്റവും കൂടുതൽ മിന്നലുകൾ രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായിരുന്നു കോട്ടയം.
ഞായറാഴ്ച ഭരണങ്ങാനം മേലമ്പാറയിൽ ഉടമയുടെ വീടിനോട് ചേർന്ന ഷെഡിൽ തളച്ചിരുന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ ദാരുണ മരണത്തിന് കാരണമായതും മിന്നലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂപ്രകൃതിയും കാലാവസ്ഥയും ഒരുക്കുന്ന കാരണങ്ങൾ
ജില്ലയിലെ റബർതോട്ടങ്ങളും മറ്റ് ഹരിതമേഖലകളും അന്തരീക്ഷത്തിലെ ഈർപ്പം സജീവമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ഇതിനുപുറമെ വേമ്പനാട്ടുകായലും മീനച്ചിലാർ, മൂവാറ്റുപുഴയാർ നദികളും നിരന്തരം ഈർപ്പം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്കു നൽകുന്നു. പകൽ സമയത്തെ കടുത്ത ചൂട് കൂടിയാകുമ്പോൾ അന്തരീക്ഷം കൂടുതൽ അസ്ഥിരമായി മാറുകയും, ഇത് കൂറ്റൻ കാർമേഘങ്ങൾ രൂപപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ രൂപപ്പെടുന്ന മേഘങ്ങൾ ജില്ലയുടെ കിഴക്കൻ മേഖലകളിലെ ഉയർന്ന മലനിരകളിൽ തടഞ്ഞുനിൽക്കുകയാണ് പതിവ്. മേഘങ്ങൾക്കുള്ളിലെ ചാർജുള്ള കണികകളുടെ നിരന്തര ചലനം മൂലം വൈദ്യുതി ഉത്ഭവിക്കുകയും, മേഘത്തിന്റെ അടിഭാഗത്ത് നെഗറ്റീവ് ചാർജും ഭൂമിയിൽ പോസിറ്റീവ് ചാർജും രൂപപ്പെടുകയും ചെയ്യുന്നു.
ഇവ തമ്മിലുള്ള ശക്തമായ ആകർഷണം വായുവിന്റെ പ്രതിരോധത്തെ മറികടക്കുമ്പോഴുണ്ടാകുന്ന വൈദ്യുത പ്രവാഹമാണ് മിന്നലായി മാറുന്നത്. ഇതിനോടൊപ്പമുണ്ടാകുന്ന വായുവിന്റെ പെട്ടെന്നുള്ള ചൂടാകലും വികാസവുമാണ് ശക്തമായ ഇടിമുഴക്കത്തിന് കാരണം.
യൂറോപ്യൻ യൂണിയന്റെ യുമെറ്റ്സാറ്റ് ഉപഗ്രഹങ്ങളിലെ ലൈറ്റനിങ് ഇമേജറി സംവിധാനമാണ് മിന്നലുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നത്. സാറ്റലൈറ്റ് നിരീക്ഷണത്തിൽ 4 മുതൽ 10 കിലോമീറ്ററോ അതിലധികമോ നീളം കൈവരിക്കുന്ന മിന്നലുകളാണ് സാധാരണയായി ഈ കണക്കുകളിൽ ഉൾപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

