ലോകപ്രശസ്തനായ ബ്രിട്ടിഷ് നോവലിസ്റ്റും രാഷ്ട്രീയനേതാവുമായ ജെഫ്രി ആർചർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സ് ആയിരുന്നു പ്രായം.
തിങ്കളാഴ്ച സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ രചിക്കപ്പെട്ട
പുസ്തകങ്ങളുടെ 300 ദശലക്ഷത്തിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ് സീരീസ്’, ‘കെയ്ൻ ആൻഡ് ആബേൽ’ തുടങ്ങിയ പ്രശസ്ത കൃതികൾ വായനക്കാരുടെ ശ്രദ്ധ ഏറെ ആകർഷിച്ചവയാണ്.
ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 100 പുസ്തകങ്ങളുടെ പട്ടികയിലും ‘കെയ്ൻ ആൻഡ് ആബേൽ’ ഇടംനേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ആദം ആൻഡ് ഈവ്’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഈ വേർപാട്. സാഹിത്യത്തിന് പുറമെ രാഷ്ട്രീയരംഗത്തും അദ്ദേഹം തന്റെ സാന്നിദ്യം അറിയിച്ചിരുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി 1969-ൽ ജെഫ്രി ആർചർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2001-ൽ കള്ളസാക്ഷ്യം പറഞ്ഞ കുറ്റത്തിന് അദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിക്കപ്പെടുകയുണ്ടായി.

