യുവജനങ്ങൾക്കായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും ആധുനികരീതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനമെടുത്തതായി പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ.ഷംസുദീൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ചങ്ങനാശേരിയിൽ ആരംഭിച്ച സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ സംസ്ഥാനത്തുടനീളം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 24 സൗജന്യ പരിശീലന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി അഞ്ച് കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഇതിനുപുറമേ 17 സബ് സെന്ററുകളും നിലവിലുണ്ട്. ഈ സംവിധാനങ്ങളെല്ലാം സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഈ കേന്ദ്രങ്ങളിൽ നിന്നും പരിശീലനം നേടിയ നാലായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പിഎസ്സി പരീക്ഷയിലൂടെ സർക്കാർ ജോലി കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതൂർപ്പള്ളി മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ സംഘടിതമായി നടന്ന ചടങ്ങിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ ഹമീദ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.
പി.നസീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അസീസ് ബഡായിൽ, കെ.എ. ജോസഫ്, മാത്തുക്കൂട്ടി പ്ലാത്താനം, കെ.എസ്.
സോമനാഥ്, ബെന്നി സി. ചീരഞ്ചിറ, തോമസുകുട്ടി മനകുന്നേൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

