മുംബൈയിലെ ബൈക്കുളയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് 700 പേജുള്ള സമഗ്രമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പുണെ സ്വദേശിയായ ഫയാസ് പ്രേംജി ആണ് ഈ കേസിലെ പ്രതി.
കഴിഞ്ഞ ശനിയാഴ്ച മസ്ഗാവ് കോടതിയിലാണ് പൊലീസ് കുറ്റപത്രം ഫയൽ ചെയ്തത്. എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ഇയാൾ 50 കിലോയിലധികം ഓൺലൈനായി ഓർഡർ ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആകെ 15,000 പേർക്ക് വിഷം നൽകി അപായപ്പെടുത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, താൻ താമസിച്ചിരുന്ന ലോഡ്ജ് കേന്ദ്രീകരിച്ച് പതിനായിരത്തിലധികം വിഷം ചേർത്ത ഗുളികകൾ ഇയാൾ കരുതിയിരുന്നു.
മനുഷ്യശരീരത്തിൽ സിങ്ക് ഫോസ്ഫൈഡ് ഉണ്ടാക്കുന്ന മാരക പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതി ഗൂഗിളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (എഐ) തിരച്ചിൽ നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മുപ്പതിലധികം സാക്ഷികളുടെ മൊഴികളും ഈ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ആർതർ റോഡ് ജയിലിലാണ് പ്രതിയെ അടച്ചിരിക്കുന്നത്. വേദനസംഹാരികളാണെന്ന് തെറ്റിധരിപ്പിച്ചാണ് ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് പ്രതി വിഷഗുളികകൾ നൽകിയത്.
എന്നാൽ ഫയാസ് പ്രേംജിയുടെ സംശയാസ്പദമായ പെരുമാറ്റത്തിൽ വൊളന്റിയർമാർക്ക് പന്തികേട് തോന്നിയിരുന്നു. ഇതിനിടയിൽ ഗുളിക കഴിച്ച ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കി.
കൂടുതൽ ആളുകൾ ഇത് കഴിക്കാതിരുന്നത് വൻ ദുരന്തം തടയാൻ സഹായകരമായി. പുണെ വിമാൻ നഗർ സ്വദേശിയായ ഫയാസ് പ്രേംജി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ വ്യക്തിയാണ്.
2019നും 2025നും ഇടയിലുള്ള കാലയളവിൽ ഇയാൾ 19 തവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്നാണ് പുണെയിലെ അയൽവാസികൾ മൊഴി നൽകിയത്.
അറസ്റ്റിലായ വേളയിൽ പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ പക്കൽ ബാക്കിയുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

