മാന്യമായി ജീവിക്കുകയും സാമൂഹികപ്രവർത്തനം നടത്തുകയും ചെയ്യുന്ന ഒരാൾക്കും ബിജെപി– ആർഎസ്എസ് വ്യവസ്ഥയ്ക്കുള്ളിൽ തുടരാൻ കഴിയില്ലെന്ന് കോർപറേഷനിലെ എൽഡിഎഫ് കക്ഷി നേതാവ് എസ്.പി.ദീപക് വ്യക്തമാക്കി. കാപ്പ കേസിൽ പ്രതിയായ സുഗതനെപ്പോലുള്ളവരെ ന്യായീകരിക്കേണ്ട
അവസ്ഥയാണ് മുൻ ഡിജിപിക്ക് കൗൺസിലിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കോർപറേഷനിലെ അഴിമതിയിൽ അവർക്ക് അതൃപ്തിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 കഴിഞ്ഞപ്പോഴാണ് കൗൺസിലർ ആർ.ശ്രീലേഖ രാജിവയ്ക്കുന്നുവെന്ന അപ്രതീക്ഷിത വിവരം പുറത്തുവന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് മേയർ വി.വി.രാജേഷിന്റെ പത്രസമ്മേളനം പൂർത്തിയായ ഉടനെയായിരുന്നു ഇത്.
സെപ്റ്റംബർ 30 നുതന്നെ മേയർക്കു രാജിക്കത്തു നൽകിയിരുന്നു എന്നു വ്യക്തമാക്കുന്ന സന്ദേശം 11.52 ന് വാർഡ് കൗൺസിലറുടെ വാട്സാപ് ഗ്രൂപ്പിലൂടെയാണ് അവർ പുറത്തുവിട്ടത്. കത്തിന്റെ പകർപ്പ് തിങ്കളാഴ്ച കലക്ടർക്കു നൽകുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിനപ്പുറം ഒരു പ്രതികരണത്തിനും ആർ.ശ്രീലേഖ തയാറായില്ല. മാധ്യമപ്രവർത്തകർ അവരുടെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
വീടിനുള്ളിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും അവർ സ്ഥലത്തില്ലെന്നും കൊച്ചിയിലേക്കു പോയെന്നും വിവരം ലഭിച്ചു. ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
രാജിക്കത്ത് സെപ്റ്റംബർ 30 നുതന്നെ മേയർക്കു കൈമാറിയെന്നു വ്യക്തമാക്കിയെങ്കിലും മേയർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. വിവരം പുറത്തുവന്നശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം രാജിക്കത്ത് ലഭിച്ച വിവരം സ്ഥിരീകരിച്ചത്.
താൻ രാജിക്കത്ത് നൽകിയിട്ടും അനുനയനീക്കങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് സന്ദേശം പുറത്തുവിട്ടതെന്നാണ് വിവരം. രാജിക്കത്തു നൽകേണ്ടത് മേയർക്കല്ലെന്ന് അറിയാവുന്ന ആർ.ശ്രീലേഖ, കലക്ടർക്കു തിങ്കളാഴ്ച കത്തുനൽകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
എന്നാൽ നിയമപ്രകാരം കോർപറേഷൻ സെക്രട്ടറിക്കാണ് കൗൺസിലർ രാജി സമർപ്പിക്കേണ്ടത്. പത്തു മാസത്തോളമായി നീറിപ്പുകയുന്ന അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാനും തന്റെ ആവശ്യങ്ങൾ നേതൃത്വത്തെക്കൊണ്ട് സമ്മതിപ്പിക്കാനുമുള്ള സമ്മർദതന്ത്രമാണിതെന്നാണ് സൂചന.
ഇതിനിടെ, അവർ കോൺഗ്രസിനോട് അടുക്കുന്നുവെന്ന പ്രചാരണമുണ്ടായെങ്കിലും സ്ഥിരീകരണമില്ല. ബിജെപി നേതൃത്വം പ്രശ്നപരിഹാരത്തിനു ശ്രമം തുടങ്ങി.
കൗൺസിലർ സ്ഥാനത്തുനിന്നു രാജിവയ്ക്കുന്നുവെന്നു വാട്സാപ് ഗ്രൂപ്പിലൂടെ അറിയിച്ച ആർ.ശ്രീലേഖ നിയമപരമായ നടപടിക്രമം പാലിച്ചിട്ടില്ലെന്നാണു വിവരം. 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം കോർപറേഷൻ സെക്രട്ടറിക്കാണ് രാജി സമർപ്പിക്കേണ്ടത്.
രണ്ടു രീതിയിൽ രാജിക്കത്ത് സമർപ്പിക്കാം. നിശ്ചിത ഫോമിൽ തയാറാക്കിയ രാജി കോർപറേഷൻ സെക്രട്ടറിക്കു നേരിട്ടു നൽകാം.
സെക്രട്ടറി രാജിക്കത്ത് സ്വീകരിച്ചാലുടൻ രാജി പ്രാബല്യത്തിലാകും. അല്ലെങ്കിൽ റജിസ്ട്രേഡ് പോസ്റ്റ് വഴി അയയ്ക്കാം.
ഈ സാഹചര്യത്തിൽ രാജിക്കത്ത് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇതും സെക്രട്ടറി സ്വീകരിക്കുന്ന ദിവസം മുതൽ രാജി പ്രാബല്യത്തിലാകും.
രാജി ലഭിച്ചാൽ സെക്രട്ടറി വിവരം മേയറെയും കോർപറേഷൻ കൗൺസിലിനെയും ഉടൻ അറിയിക്കണം. തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കണം.
രാജിയെക്കുറിച്ച് തർക്കമുണ്ടായാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം അന്തിമമായിരിക്കും. രാജി പ്രാബല്യത്തിൽ വന്ന് 15 ദിവസത്തിനു ശേഷം ഇത്തരം തർക്കങ്ങൾ പരിഗണിക്കില്ല.
കൗൺസിലർ രാജിവച്ചാൽ ആ ഒഴിവു നികത്താൻ ഉപതിരഞ്ഞെടുപ്പു നടപടികളിലേക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ നീങ്ങും. കലക്ടർക്കു രാജിക്കത്ത് അയച്ചതുകൊണ്ടുമാത്രം രാജി പ്രാബല്യത്തിലാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

