മലയാളത്തിൽ വലിയ വിജയങ്ങൾ സമ്മാനിച്ച സംവിധായകൻ ചിദംബരവും ദേശീയ പുരസ്കാര ജേതാവായ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടിയും ഒന്നിക്കുന്നു. രണ്ട് ചിത്രങ്ങൾക്കായാണ് ഈ കൂട്ടുകെട്ട് കൈകോർക്കുന്നത്.
ഇതിൽ ആദ്യത്തേത് ഒരു കന്നഡ സ്പോർട്സ് ഡ്രാമയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.
പ്രമുഖ നിർമ്മാതാവ് ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജാൻ-എ-മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ ദ ബോയ്’ എന്നീ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ചിദംബരം.
അരങ്ങേറ്റ ചിത്രം മുതൽ വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും അവതരിപ്പിച്ച അദ്ദേഹം, ‘മഞ്ഞുമ്മൽ ബോയ്സ്’ ലൂടെ യഥാർത്ഥ സംഭവത്തെ തികഞ്ഞ ദൃശ്യാനുഭവമാക്കി മാറ്റിയിരുന്നു. തുടർന്ന് ‘ബാലൻ: ദ ബോയ്’ എന്ന ചിത്രത്തിലൂടെ മറ്റൊരു വ്യത്യസ്ത ലോകമാണ് ചിദംബരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
കന്നഡ സിനിമയായ ‘കാന്താര’യിലൂടെ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ട ഋഷഭ് ഷെട്ടി നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിലൊരാളാണ്.
‘കാന്താര’യിലെ മികച്ച പ്രകടനത്തിന് ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അഭിനയത്തിന് പുറമെ എഴുത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങുന്ന ഋഷഭ് ഷെട്ടിയും ചിദംബരവും ആദ്യമായി ഒന്നിക്കുന്നുവെന്നത് സിനിമാപ്രേമികളിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും.
തമീൻസ് ഫിലിംസ്, എച്ച് ആർ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് നിർമ്മാതാവ് ഷിബു തമീൻസ്. ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

