നോർത്ത് പറവൂർ കേന്ദ്രീകരിച്ച് നടത്തിയ വലിയ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സുമൻ ഷെയ്ഖ് (23) ആണ് അറസ്റ്റിലായത്.
37 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ഈ നടപടി. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്.
അന്നത്തെ സംഭവത്തിൽ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും നോർത്ത് പറവൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടയിലാണ് ഒളിവിലായിരുന്ന സുമൻ ഷെയ്ഖിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ നീക്കത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫിന്റെ സഹായത്തോടെ ഇയാളെ വളഞ്ഞുപിടിക്കുകയായിരുന്നു. മുൻപ് പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് സുമൻ ഷെയ്ഖ് ആണെന്ന് പൊലീസ് വ്യക്തമാക്കി.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന്റെ കർശന നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, പറവൂർ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐമാരായ അഖിൽ, ഗിരീഷ്, ബിജു, എഎസ്ഐമാരായ സിനുമോൻ, ജോസഫ്, എസ്സിപിഒമാരായ സിന്റോ ജോയ്, റെജി സിപിഒ ആഷ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണവും പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

