തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ, എംബിഎ പൂർത്തിയാക്കി കോളജ് ക്യാംപസിൽ നിന്ന് ലഭിച്ച ഔദ്യോഗിക പദവിയിൽ പ്രവേശിക്കാനായി 2008ലെ ഒരു ഓഗസ്റ്റ് മാസത്തിലെ പ്രഭാതത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ ഈറ്റില്ലമായ ബോംബെ ഹൗസിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ രാവിലെ ഒരു വിസ്മയലഹരിയിലായിരുന്നു. ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രവും ലോകത്തിന്റെ തന്നെ അഭിമാനസ്തംഭങ്ങളായ ജെആർഡി ടാറ്റയും രത്തൻ ടാറ്റയും നയിച്ച ഒരു പ്രസ്ഥാനത്തിന്റെ ഏണിപ്പടികളാണ് ഞാനും ചവിട്ടുന്നത് എന്നുള്ളത് എനിക്ക് വലിയൊരു അഭിമാനമായിരുന്നു.
എന്നാൽ, ഇപ്പോഴത്തെ ടാറ്റ ഗ്രൂപ്പിലെ ഉൾപ്പോര് വീക്ഷിക്കുമ്പോൾ ടാറ്റാ ഗ്രൂപ്പിലും ടാറ്റ ട്രസ്റ്റ്സിലും പ്രവർത്തിച്ച എന്നെപോലത്തെ ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും അതീവ ദുഃഖവും ഭാവിയെക്കുറിച്ച് വ്യാകുലതയുമുണ്ട്. ടാറ്റയിലെ ഈ അന്തഃപുരവിപ്ലവം ഇപ്പോൾ ഒരു തുറന്ന പോരായി മാറിയിരിക്കുകയാണ്.
ഒരു ഭാഗത്ത് ടാറ്റാ കുടുംബത്തിലെ ഇപ്പോഴത്തെ പ്രധാന അംഗമായ നോയൽ ടാറ്റ നയിക്കുന്ന ‘ടാറ്റാ ട്രസ്റ്റ്സും’ മറുഭാഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ‘ടാറ്റാ സൺസും’. ഈ കലഹത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, റിസർവ് ബാങ്ക് നിർദേശപ്രകാരം ടാറ്റാ സൺസ് പബ്ലിക് ലിസ്റ്റിങ് നടത്താനൊരുങ്ങുമ്പോൾ ഈ പ്രക്രിയയിൽ ടാറ്റാ ട്രസ്റ്റ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്നുള്ളതാണ്.
എന്നാൽ, എന്റെ അനുമാനത്തിൽ ഈ പോരാട്ടത്തിന്റെ മൂലകാരണം ആരുടെ കയ്യിലാണ് ടാറ്റാ ഗ്രൂപ്പിന്റെ കടിഞ്ഞാൺ എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ്. അതോടൊപ്പം പരമ്പരാഗതമായി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന പാർസി വിഭാഗത്തിലേക്ക് ഈ പദവി തിരികെ എത്തണമോ അതോ നിലവിലെ ഗ്രൂപ്പ് ചെയർമാനായ എൻ.ചന്ദ്രശേഖരൻ തന്നെ തുടരണോ എന്നതും കാതലായ ഒരു വിഷയമാണ്.
ഈ പോരിന്റെ യഥാർഥ കാരണങ്ങൾ മനസ്സിലാക്കണമെങ്കിൽ ടാറ്റയുടെ ചരിത്രത്തിലേക്ക് നമ്മൾ ആഴത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. ഉപ്പ് മുതൽ സ്റ്റീൽ വരെ നിർമ്മിക്കുന്ന 190 ബില്യൻ ഡോളർ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണ അവകാശം ടാറ്റാ സൺസ് എന്ന അൺലിസ്റ്റഡ് ഹോൾഡിങ് കമ്പനിക്കാണ്.
ടാറ്റയുടെ ചെറുതും വലുതും ആയ എല്ലാ കമ്പനികളുമാവട്ടെ ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽസ്, ഇതിൽ എല്ലാം പ്രധാനപ്പെട്ട ഓഹരി വഹിക്കുന്നത് ടാറ്റാ സൺസ് തന്നെയാണ്.
ടാറ്റയുടെ കുടക്കീഴിൽ ലോകത്തുടനീളം നൂറിൽ പരം കമ്പനികളിലായി 11 ലക്ഷം ജീവനക്കാർ പരസ്പരപൂരകമായി പ്രവർത്തിച്ചുവരുന്നത് ടാറ്റാ സൺസ് നിയന്ത്രിക്കുന്ന ഒരു ചട്ടക്കൂടിലൂടെയാണ്. ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാൽ ടാറ്റാ സൺസ് എന്ന ഹോൾഡിങ് കമ്പനിയുടെ മൂന്നിൽ രണ്ട് ഓഹരികൾ അതായത് 66% വഹിക്കുന്നത് ടാറ്റ ട്രസ്റ്റ്സാണ്.
എന്നുവച്ചാൽ, ടാറ്റയുടെ എല്ലാ തീരുമാനങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട കക്ഷി ടാറ്റാ ട്രസ്റ്റ്സ് ആണ്.
ടാറ്റാ ട്രസ്റ്റ്സ് എന്നുള്ളത് ഒരൊറ്റ ട്രസ്റ്റ് അല്ല, 158 വർഷത്തെ നാൾവഴികളിൽ ടാറ്റാ ഗ്രൂപ്പിന്റെ കുടുംബത്തിലെ അതികായകരായിട്ടുള്ളവർ പല കാലഘട്ടത്തിലായി സ്വന്തം ധനം നിക്ഷേപിച്ച അറുപതോളം ചെറുതും വലുതുമായ ട്രസ്റ്റുകളെയാണ് ടാറ്റ ട്രസ്റ്റുകൾ എന്ന് വിശേഷിപ്പിച്ചത്. ടാറ്റാ ട്രസ്റ്റുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട
വരുമാനം ടാറ്റാ സൺസിൽ നിന്ന് ലഭിക്കുന്ന ഡിവിഡന്റ് ഓഹരിയാണ്. ടാറ്റാ സൺസോളം പഴക്കമുള്ള ടാറ്റാ ട്രസ്റ്റ്സ് ഈ പണം ഉപയോഗിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.
രാജ്യാന്തര സ്ഥാപനങ്ങളായ ടാറ്റ ക്യാൻസർ സെന്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് അടക്കമുള്ള വലിയ സ്ഥാപനങ്ങൾ മുതൽ നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ എൻജിഒകളെ വരെ ഫണ്ട് ചെയ്യുന്ന ചരിത്രം ഈ ട്രസ്റ്റിനുണ്ട്. വ്യത്യസ്ത മേഖലകളിൽ പടർന്നുപന്തലിച്ച ടാറ്റ ട്രസ്റ്റ്സും ടാറ്റാ ഗ്രൂപ്പും പരസ്പരം ബന്ധിതമായിരിക്കാനുള്ള പ്രധാന കാരണം ടാറ്റായുടെ നൂറ്റാണ്ട് പഴക്കത്തിലെ ഒരു അലിഖിത നിയമമായിരുന്നു.
ടാറ്റാ ട്രസ്റ്റ്സിന്റെയും ടാറ്റാ സൺസിന്റെയും ചെയർമാൻ ഒരു വ്യക്തിയായിരുന്നു, അദ്ദേഹം ടാറ്റാ കുടുംബ അംഗവുമായിരുന്നു. മുറതെറ്റാതെ ഈ നിയമം ജംഷേദ്ജി ടാറ്റായുടെ കാലം മുതൽക്ക് ജെആർഡി ടാറ്റയും പിന്നീട് രത്തൻ ടാറ്റയും 2012 വരെ പാലിച്ചുപോന്നു.
“If you watch close, history does nothing but repeat itself” ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചരിത്രം പുനരാവിഷ്കരിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് ടാറ്റയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമാണ്. ഇന്ന് കാണുന്നത് പോലെ അധികാര-അവകാശ യുദ്ധങ്ങൾ ടാറ്റയുടെ ചരിത്രത്തിൽ മുറതെറ്റാതെ പല ആവർത്തി നടന്നിട്ടുണ്ട്.
1920-1930കളിൽ ടാറ്റാ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലെത്തിയപ്പോൾ ഗ്രൂപ്പിലേക്ക് ഒരു വലിയ തുക ഇൻഫ്യൂസ് ചെയ്ത ഷാപ്പൂർജി പല്ലോൺജി അഥവാ എസ്പി ഗ്രൂപ്പ് ക്രമേണ അവരുടെ ഷെയർഹോൾഡിങ് 18% വരെ എത്തിച്ചു. ബോംബെ ഹൗസിലെ ഈ അദൃശ്യ ശക്തിയുടെ ഇപ്പോഴുമുള്ള സ്വാധീനം കാരണമായിരിക്കാം പിന്നീട് ഈ കുടുംബത്തിന്റെ അടുത്ത തലമുറയിലെ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റയ്ക്ക് ശേഷം നിയമിച്ചത്.
അതുപോലെ 1990കളിൽ ജെആർഡി ടാറ്റയ്ക്ക് ശേഷം രത്തൻ ടാറ്റയെ ചെയർമാനായി പ്രഖ്യാപിച്ചപ്പോൾ ടാറ്റാ സ്റ്റീലിന്റെ കുലപതിയായ റുസ്സി മോദിയും താജ് ഗ്രൂപ്പിലെ അജിത് കേർക്കറും ടാറ്റാ കെമിക്കൽസിലെ ദാർബാരി സേത്തും കലാപം സൃഷ്ടിച്ചതാണ്. ഇതിനെ അതിജീവിക്കാൻ രത്തൻ ടാറ്റയ്ക്ക് നാല് വർഷം ബുദ്ധിമുട്ടേണ്ടിവന്നു.
ഈ അധികാരവടംവലി തന്നെയാണ് ഇന്ന് മറ്റൊരു രൂപത്തിൽ വീണ്ടും ആവർത്തിക്കപ്പെടുന്നത്. 2012ൽ രത്തൻ ടാറ്റ പ്രായാധിക്യം കാരണം ടാറ്റാ സൺസിൽ നിന്ന് വിരമിച്ചപ്പോൾ അദ്ദേഹം രണ്ടു സുപ്രധാന മാറ്റങ്ങൾ വരുത്തി.
ടാറ്റാ സൺസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി രത്തൻ ടാറ്റ തുടർന്നു. അതോടൊപ്പം ടാറ്റാ സൺസ് ചെയർമാനായി എല്ലാവരും ഉറപ്പിച്ച, ടാറ്റാ കുടുംബത്തിലെ നോയൽ ടാറ്റയ്ക്ക് പകരം ഗ്രൂപ്പിന്റെ 18% ഓഹരി വഹിക്കുന്ന എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായ സൈറസ് മിസ്ത്രിയെ അദ്ദേഹം നിയമിച്ചു.
ഈ കാലഘട്ടം എനിക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. രത്തൻ ടാറ്റയുടെ ടീമിൽ ടാറ്റാ ട്രസ്റ്റ്സിന്റെ ആരോഗ്യ, സാമൂഹ്യ പദ്ധതികൾ അദ്ദേഹത്തിന്റെ ഓഫീസിൽ ഞാൻ പ്രവർത്തിച്ചു തുടങ്ങി.
ടാറ്റാ സൺസ് ചെയർമാനും ടാറ്റാ ട്രസ്റ്റ്സ് ചെയർമാനും തമ്മിലുള്ള ഉൾപ്പോര് ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതിൽ ചില അവസരങ്ങൾക്ക് ഞങ്ങൾ എല്ലാം മൂക സാക്ഷികളായി നിൽക്കേണ്ടി വന്നിട്ടുണ്ട്.
ഈ യുദ്ധമാണ് പിന്നീട് 2017ൽ സൈറസ് മിസ്ത്രിയുടെ പുറത്താക്കലിൽ കലാശിച്ചത്. സൈറസ് മിസ്ത്രിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഒരു സ്വാഭാവിക ഉത്തരം വീണ്ടും നോയൽ ടാറ്റ എന്നാണ് ടാറ്റാ യാഥാസ്ഥിതികർ പ്രതീക്ഷിച്ചത്.
എന്നാൽ അവിടെയും രത്തൻ ടാറ്റായുടെ നേതൃത്വത്തിലുള്ളവർ ഏവരെയും ഞെട്ടിച്ചു. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും മികച്ച സിഇഒ ആയ ടിസിഎസ് അമരക്കാരൻ എൻ.ചന്ദ്രശേഖരനെ ചെയർമാനായി പ്രഖ്യാപിച്ചപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ നൂറിൽ പരം വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി പാർസി സമുദായത്തിന് പുറത്തുള്ള ഒരാളാണ് ആ പദവിയിലേക്ക് നിയമിതനായത്.
രത്തൻ ടാറ്റ വിടവാങ്ങിയതോടെ ടാറ്റാ ട്രസ്റ്റ്സിന്റെ ചെയർമാനായി നോയൽ ടാറ്റ 2024ൽ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 2024 മുതൽ ടാറ്റാ ട്രസ്റ്റ്സിൽ നോയൽ ടാറ്റയും ടാറ്റാ സൺസിൽ ചന്ദ്രശേഖരനും എന്ന സവിശേഷ സാഹചര്യമുണ്ടായി.
കഴിഞ്ഞ രണ്ടു വർഷമായി പല വിഷയങ്ങളിലും ടാറ്റാ ട്രസ്റ്റ്സും ടാറ്റാ സൺസും ശീതസമരത്തിലാണ്. ഈ സമരമാണ് ഇപ്പോൾ കോടതി കയറാനൊരുങ്ങുന്നത്.
വിധി ആർക്ക് അനുകൂലമായി വന്നാലും ദൂരവ്യാപകമായ പ്രത്യാഘാതമാണ് ടാറ്റ നേരിടേണ്ടിവരിക. ഗ്രൂപ്പിന്റെ മുഖമുദ്ര തന്നെ വിശ്വാസം അല്ലെങ്കിൽ ട്രസ്റ്റ് ആണ്.
സ്വന്തം തീൻമേശയിലെ ഉപ്പ് മുതൽ സഞ്ചരിക്കുന്ന വാഹനം വരെ വാങ്ങാൻ ആ വിശ്വാസത്തിന്റെ ഉറപ്പിലാണ് ഈ ഗ്രൂപ്പിനെ ഇന്ത്യൻ ജനത കാണുന്നത്. ഈ ഉൾപ്പോര് കാരണം ആ അടിസ്ഥാന വിശ്വാസത്തിനാണ് ഇപ്പോൾ മങ്ങൽ സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മറ്റു വലിയ ബിസിനസ് സാമ്രാജ്യങ്ങളെ ജനങ്ങൾ ഒരല്പം സംശയത്തോടെ കാണുമ്പോൾ ദേശനിർമ്മിതിയിൽ, രാജ്യപുരോഗതിയിൽ പങ്കാളികളായിട്ടാണ് ഇന്ത്യൻ ജനത ടാറ്റായെ കാണുന്നത്. അതോടൊപ്പം ഇന്ത്യയിലെ ചെറുതും വലുതുമായ കമ്പനികൾക്ക് ബിസിനസ് നടത്തിപ്പിന്റെ ഒരു ദിശാസൂചികയാണ് ടാറ്റ എന്ന ബ്രാൻഡ്.
ഗ്രൂപ്പിലെ ഈ ഭിന്നതകൾ ഇന്ത്യയിലെ കോർപ്പറേറ്റ് ഗവേണൻസിനുതന്നെ കളങ്കമായി മാറും. ടാറ്റാ ഗ്രൂപ്പ് നിലനിൽക്കേണ്ടത് ഇന്ത്യയുടെ മാത്രം ആവശ്യമല്ല.
ഇന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ തൊഴിൽദാതാവ് ടാറ്റയാണ്, നമ്മളെക്കാളും ആശങ്കയോടെയാണ് ‘സൂര്യനസ്തമിക്കാത്ത ആ രാജ്യം’ ബോംബെ ഹൗസിലെ നിയമയുദ്ധം വീക്ഷിക്കുന്നത്. വിദേശ സർവകലാശാലകൾ പണ്ട് നടത്തിയ ഒരു പഠനത്തിൽ പറയുന്നത് വലിയ കമ്പനികളുടെ ആയുസ്സ് പരമാവധി 60 മുതൽ 70 വയസ്സുവരെയാണെന്നാണ്.
എന്നാൽ 1868ൽ ആരംഭിച്ച ടാറ്റാ ഗ്രൂപ്പ് മേൽപ്പറഞ്ഞതിന്റെ ഒന്നര നൂറ്റാണ്ടിന്റെ തലയെടുപ്പോടെ നിൽക്കുന്നതിന്റെ പ്രധാന കാരണം ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റ്സും തമ്മിലുള്ള ദൃഢമായ പരസ്പര വിശ്വാസമായിരുന്നു. ഈ വിശ്വാസം തകർന്നാൽ ശാശ്വതമാണെന്ന് നാം കരുതുന്നതൊക്കെ നഷ്ടപ്പെടാം.
അത് സംഭവിക്കാതിരിക്കാനുള്ള നല്ലബുദ്ധി കളിക്കളത്തിലുള്ള ടാറ്റായുടെ പിൻതലമുറക്കാർക്ക് ഉണ്ടാകട്ടെ എന്ന് ഒരു അഭ്യുദയകാംക്ഷിയായ ഞാൻ ആത്മാർത്ഥമായി ആശPിക്കുന്നു. (കെ.എസ്.ശബരീനാഥൻ 2008-2015 കാലഘട്ടത്തിൽ ടാറ്റാ സൺസിലും ടാറ്റാ ട്രസ്റ്റ്സിലും പ്രവർത്തിച്ചിട്ടുണ്ട്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

