നിരവധി അനുകൂല ഘടകങ്ങൾ ഒത്തുവന്നതുകൊണ്ടു മാത്രമാണ് വലിയൊരു ആകാശദുരന്തം ഒഴിവായതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഏതെങ്കിലും ഡ്രൈവർ വാഹനം റോഡിലിറക്കി അപകടമുണ്ടാക്കാൻ തീരുമാനിച്ചാൽ എന്തു സംഭവിക്കുമോ, അതുപോലെ തന്നെയാണ് ആകാശത്തും സംഭവിക്കുന്നത്.
അപകടമുണ്ടാക്കണമെന്നു പൈലറ്റ് തീരുമാനിച്ചാൽ അത് തടയുക തീർത്തും പ്രയാസകരമാണ്. സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് സാധിച്ചതാണ് ഇതിൽ ആദ്യത്തെ വലിയ അദ്ഭുതം.
ഈ ഘട്ടത്തിൽ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതും നിർണായകമായി. ആ സമയത്ത് കോക്പിറ്റിന് അടുത്തുള്ള ശുചിമുറി ഉപയോഗിച്ചുകൊണ്ടിരുന്ന യാത്രക്കാരി അപകടത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തരമായി ഇടപെട്ടത് വലിയൊരു അനുഗ്രഹമായി മാറി.
ഉടൻതന്നെ കാബിൻ ക്രൂവും രണ്ട് യാത്രക്കാരും ചേർന്ന് കോക്പിറ്റിലേക്ക് ഇരച്ചുകയറി അക്രമകാരിയായ പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനകം വിമാനം ഏകദേശം 17,000 അടി താഴേക്ക് പതിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ഫുക്കറ്റിൽനിന്നു ഡൽഹിയിലേക്കു വന്ന എയർഇന്ത്യ വിമാനം 600 അടി താഴോട്ടു പതിച്ചപ്പോൾത്തന്നെ 24 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഇവിടെ യാത്രക്കാർ സീറ്റ് ബെൽറ്റ് കൃത്യമായി ധരിച്ചിരുന്നതുകൊണ്ടാവാം വലിയ പരുക്കുകൾ ഒഴിവായത്.
വിമാനത്തിൽ മറ്റ് രണ്ട് പൈലറ്റുമാർ കൂടി ഉണ്ടായിരുന്നത് വലിയൊരു രക്ഷയായി. ഇവർ ഉടൻതന്നെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
ആ സമയത്ത് കാലാവസ്ഥ അനുകൂലമായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിൽ ലാൻഡിങ് അസാധ്യമാകുമായിരുന്നു.
കാരണം, വിമാനത്തിന്റെ ചലനം നിയന്ത്രിക്കാനുപയോഗിക്കുന്ന റഡ്ഡർ അതായത് വാലറ്റത്തുള്ള ചലിപ്പിക്കാവുന്ന ഭാഗം ഒടിഞ്ഞുപോയിരുന്നു. എന്നിട്ടും വിമാനം വിജയകരമായി നിയന്ത്രിച്ചു താഴെയിറക്കാൻ കഴിഞ്ഞത് മറ്റൊരു അത്ഭുതമാണ്.
ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ചത് ക്രാഷ് ആക്സ് കൊണ്ടല്ലെന്നാണ് കരുതുന്നത്. വിമാനത്തിന്റെ ഗ്ലാസ് വരെ പൊളിക്കാൻ ശേഷിയുള്ള ആയുധമാണത്.
അതുപയോഗിച്ചാണ് കുത്തിയതെങ്കിൽ ഒരുപക്ഷേ ക്യാപ്റ്റന്റെ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു. കോക്പിറ്റിൽ ഇത്തരത്തിൽ പെരുമാറുന്ന പൈലറ്റിനെതിരെ എന്തു നടപടിയെടുക്കണമെന്ന് നിലവിലെ റെഗുലേഷനുകളിൽ വ്യക്തമായി പറയുന്നില്ലെങ്കിലും, ഇയാൾക്ക് ഇനി വിമാനം പറത്താൻ അനുമതി ലഭിക്കാൻ സാധ്യതയില്ല.
*(ലേഖകൻ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റാണ്)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

