മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന കേസിലെ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിന് കളമശേരി പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ 10 മണിക്ക് കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് കർശന നിർദേശം നൽകിയിട്ടുള്ളത്.
നേരത്തെ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഒക്ടോബർ 15 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടുതൽ സാവകാശം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്.
നാളെയും ഹാജരായിട്ടില്ലെങ്കിൽ, മുൻകൂർ ജാമ്യഹർജി നിലനിൽക്കെ തന്നെ ചോദ്യം ചെയ്യൽ നടപടികളുമായി മുന്നോട്ടുപോകാൻ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം. വ്യാജരേഖകൾ നിർമിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെയും ആന്റോയ്ക്ക് രേഖകൾ കൈമാറിയവരെയും കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം മുൻഗണന നൽകുന്നത്.
കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നടപടി. മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ വിവാഹം നിലനിൽക്കെ 2012 ഒക്ടോബർ 17ന് കർണാടകയിലെ ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് രണ്ടാമതും വിവാഹം കഴിച്ചുവെന്ന് കാണിക്കുന്ന വ്യാജ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നോട്ടിസും നിർമിച്ചുവെന്നാണ് കേസ്.
ഈ മാസം 10ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആന്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണ് ഈ വിവാദങ്ങൾക്ക് ആധാരം. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ വിവിധ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത സീറോ എഫ്ഐആർ പിന്നീട് കളമശേരി സ്റ്റേഷിലേക്ക് മാറ്റുകയായിരുന്നു. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള വ്യാജരേഖകൾ കസ്റ്റഡിയിലെടുക്കണമെന്നും ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രേഖകൾ കൈമാറിയ രണ്ടുപേരെ കണ്ടെത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ കേസിൽ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

