ഡുബായിൽ നിന്നും ടെൽ അവീവ് ലക്ഷ്യമാക്കി യാത്ര തിരിച്ച വിമാനം വടക്കൻ സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമം. വിമാനം തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഇസ്രയേൽ അധികൃതർ രംഗത്തെത്തി.
യാത്രാവിമാനം റാഞ്ചിയതല്ലെന്നും, മറിച്ച് ഫ്ലൈറ്റ് ഡെക്കിൽ പൈലറ്റുമാർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഫ്ലൈദുബായുടെ ബോയിങ് 737 മാക്സ് വിമാനമാണ് സാങ്കേതികമോ പ്രവർത്തനപരമോ ആയ അടിയന്തര സിഗ്നൽ നൽകിയതിനെ തുടർന്ന് യാത്രാപാതയിൽ മാറ്റം വരുത്തി സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.
സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
വിമാനം അടിയന്തര സന്ദേശം നൽകി വഴിതിരിച്ചുവിട്ടതോടെ തട്ടിക്കൊണ്ടുപോകൽ സാധ്യതകൾ ചർച്ച ചെയ്യപ്പെടുകയും, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ സംഭവസ്ഥലത്തേക്ക് നീങ്ങിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും ഇത് റാഞ്ചലല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു.
പൈലറ്റും സഹപൈലറ്റും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും അത് കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തതാണ് വിമാനം അടിയന്തരമായി ഇറക്കാൻ കാരണമായതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

