മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എൽസമ്മ ടോം വിജയിച്ചു. 178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽസമ്മ ടോം വിജയം ഉറപ്പിച്ചത്.
നേരത്തെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന തുടങ്ങനാട് വാർഡിൽ ഇത്തവണ 68.25 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. തീപാറുന്ന പ്രചാരണ പരിപാടികളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നത്.
എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ അതിശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. യുഡിഎഫിനായി എൽസമ്മ ടോം എടാട്ട്, എൽഡിഎഫിനായി വി.എസ്.സിന്ധു തുരുത്തിക്കാട്ടുകുടി, ബിജെപി സ്ഥാനാർഥിയായി എൻ.എസ്.രമ്യ എന്നിവരാണ് ജനവിധി തേടിയത്.
വീടുകൾ തോറുമുള്ള സന്ദർശനങ്ങളും കുടുംബയോഗങ്ങളും കൺവൻഷനുകളും സംഘടിപ്പിച്ച് വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാൻ മുന്നണികൾ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. പഞ്ചായത്തംഗമായിരുന്ന കുട്ടിയമ്മ മൈക്കിളിന്റെ വിയോഗത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മുൻപ് ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥിയായും സ്വതന്ത്രയായും ഈ വാർഡിൽ നിന്ന് വിജയിച്ച വ്യക്തിയായിരുന്നു കുട്ടിയമ്മ മൈക്കിൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുട്ടിയമ്മ മൈക്കിളിനെതിരെ മത്സരിച്ചതും എൽസമ്മ ടോം തന്നെയായിരുന്നു.
അന്ന് കുട്ടിയമ്മ മൈക്കിൾ 332 വോട്ടുകളും എൽസമ്മ ടോം 209 വോട്ടുകളുമാണ് നേടിയിരുന്നത്. നിലവിൽ 14 അംഗങ്ങളുള്ള മുട്ടം പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്.
ഈ ഉപതിരഞ്ഞെടുപ്പ് ഫലം നിലവിലെ എൽഡിഎഫ് ഭരണസമിതിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

