ഇന്ത്യൻ വ്യവസായ ഭീമനായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിൽ വൻകിട സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു.
അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കേന്ദ്രമായിരിക്കും ഇതെന്നും, അമേരിക്കയുടെ വ്യാവസായിക വളർച്ചയിൽ ഇതൊരു നാഴികക്കല്ലാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അയോവയിൽ സ്ഥാപിക്കാനിരിക്കുന്ന ഈ പ്ലാന്റിനായി 18 ബില്യൺ ഡോളർ അഥവാ ഏകദേശം 1.73 ലക്ഷം കോടി രൂപയാണ് എസ്സാർ ഗ്രൂപ്പിന്റെ യുഎസ് ഉപകമ്പനിയായ മേസാബി മെറ്റാലിക്സ് (Mesabi Metallics) നിക്ഷേപിക്കുന്നത്.
വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. 2030-ഓടെ പ്ലാന്റ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 1,750 സ്ഥിര തൊഴിലവസരങ്ങളും നിർമ്മാണ മേഖലയിൽ 6,000 താൽക്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പ്രതിവർഷം ഒരു കോടി ടൺ സ്റ്റീൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക പ്ലാന്റ്.
വരും ദശകത്തിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയിലേക്ക് ഈ പദ്ധതി വഴി 95 ബില്യൺ ഡോളറിന്റെ സംഭാവന ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഈ ചടങ്ങിൽ മേസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയ, എസ്സാർ സഹസ്ഥാപകൻ രവി റൂയ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിൽ ജനിച്ച താൻ ജീവിതത്തിന്റെ വലിയൊരു ഭാഗം അമേരിക്കയിലാണ് ചിലവഴിച്ചതെന്നും, ഈ നിക്ഷേപം തനിക്ക് “സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണ്” എന്നും രേവന്ത് റൂയ പറഞ്ഞു. “Thank you, US President Donald Trump, for bringing back the importance of building things in America… With the new steel complex in Iowa, we will complete the fully integrated American supply chain, from mine to mill…” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാന്റിൽ ഉൽപാദിപ്പിക്കുന്നത് പൂർണ്ണമായും അമേരിക്കൻ സ്റ്റീൽ ആയിരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഉൽപാദന മേഖലയിൽ അമേരിക്ക കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ, “കമ്പനികൾ യുഎസിൽ പ്ലാന്റുകൾ സ്ഥാപിക്കാനും ഉൽപാദിപ്പിക്കാനും തുടങ്ങിയിരിക്കുന്നു.
തീരുവ നൽകുന്നത് ഒഴിവാക്കാൻ ഇതുവഴി അവർക്ക് കഴിയും” എന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മിനസോട
ആസ്ഥാനമായി പ്രവർത്തിക്കുന്ന മേസാബി മെറ്റാലിക്സിന്റെ ഈ ചുവടുവയ്പ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

