മൂന്നു ദിവസത്തെ ബാങ്ക് സമരം ഞായറാഴ്ച അർധരാത്രിയിൽ അപ്രതീക്ഷിതമായി പിൻവലിച്ചതു ജീവനക്കാരെ പ്രതിസന്ധിയിലാക്കി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
ഇതേത്തുടർന്ന് ഞായറാഴ്ചത്തെ ജോലികൾ പൂർത്തിയാക്കി രാത്രിയോടെ ബസും ട്രെയിനും മാർഗ്ഗം നാട്ടിലേക്ക് പുറപ്പെട്ട ജീവനക്കാർക്കാണ് ഈ അപ്രതീക്ഷിത തീരുമാനം തിരിച്ചടിയായത്.
രാത്രി 11 മണിക്ക് ശേഷമാണ് സംഘടനയുടെ ഭാഗത്തുനിന്ന് സമരം പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. മൂന്ന് ദിവസത്തെ സമരവും പിന്നാലെയുള്ള അവധികളും കണക്കിലെടുത്ത് യാത്ര തിരിച്ച പല ജീവനക്കാരും യാത്രാമധ്യേയാണ് ഈ വിവരം അറിയുന്നത്.
ഇതേതുടർന്ന് അർധരാത്രിയിൽ പലർക്കും ജോലിസ്ഥലത്തേക്ക് തന്നെ തിരികെ മടങ്ങേണ്ടി വന്നു. അസിസ്റ്റന്റ് മാനേജർ സ്കെയിൽ–1, 2 വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ബാങ്കിന്റെ താക്കോൽ സൂക്ഷിക്കാനുള്ള ചുമതലയുള്ളത്.
ഇവരിൽ പലരും ഞായറാഴ്ച ബാങ്ക് പൂട്ടി താക്കോലുമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. രാവിലെയാണ് പലരും സമരം പിൻവലിച്ച വിവരം അറിയുന്നത്.
ഇത് പലേടത്തും ബാങ്ക് പ്രവർത്തനങ്ങൾ സമയത്ത് ആരംഭിക്കുന്നതിന് തടസ്സമായി. തിങ്കളാഴ്ച ബാങ്കുകളിൽ ജീവനക്കാരുടെ ഹാജർ നില വളരെ കുറവായിരുന്നു.
പല ജീവനക്കാരും അവധിയെടുക്കുകയായിരുന്നു. സാധാരണ തിങ്കളാഴ്ചകളിൽ ബാങ്കുകളിൽ അനുഭവപ്പെടാറുള്ള ഉപയോക്താക്കളുടെ വൻ തിരക്ക് ഇന്നലെ ഉണ്ടായിരുന്നില്ല.
കൂടാതെ, പല ജില്ലാ കേന്ദ്രങ്ങളിലും സമരത്തിന്റെ ഭാഗമായി ധർണ്ണയ്ക്കായി പന്തലുകൾ നിർമ്മിക്കുന്നതിനിടയിലാണ് സമരം പിൻവലിച്ചതായുള്ള അറിയിപ്പ് ലഭിച്ചത്. പെട്ടെന്നുള്ള ഈ സമര പിൻവലിക്കലിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമരം പിൻവലിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന കാര്യത്തിൽ ജീവനക്കാർക്കിടയിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഉന്നതാധികാര സമിതി രൂപീകരിച്ചതായി പറയുന്നുണ്ടെങ്കിലും, അതിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനൊപ്പം സർക്കാർ പ്രതിനിധികളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

